ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി അംഗങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി

ദിലീപുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ ഡബ്യുസിസി അംഗങ്ങളെ കാണുമെന്ന് അസോസിയേഷന്‍ ഓഫ് മലയാളി മൂവി ആര്‍ട്ടിസ്റ്റ്‌സ് (എഎംഎഎം) അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വനിത സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) വനിതകളുമായി സംയുക്ത ചര്‍ച്ചകള്‍ നടത്തും. ജൂലായ് 24 ന് അസോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചു ചേര്‍ക്കും.

ജൂലൈ 19ന് യോഗം ചേരുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം മാത്രമേ എന്നാണ് യോഗം ചേരുമെന്ന് തീരുമാനിക്കൂയെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ മോഹന്‍ലാല്‍ തിരിച്ചെത്തും. അദ്ദേഹം തിരിച്ചെത്തിയതിനു ശേഷം മീറ്റിംഗ് തീയതി തീരുമാനിക്കുമെന്നും ഈ തീയതിയുടെ അന്തിമരൂപം ലഭിച്ചുകഴിഞ്ഞാല്‍ ഡബ്ല്യുസിസി അംഗങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും ഇടവേള ബാബു അറിയിച്ചു.

ദിലീപ് വിഷയത്തില്‍ ജനറല്‍ ബോഡി തീരുമാനം സംബന്ധിച്ച് ഡബ്ല്യുസിസി അംഗങ്ങളുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിലീപ് വിഷയത്തില്‍ എപ്പോള്‍ ചര്‍ച്ച നടത്താനാവുമെന്ന് അമ്മ അറിയിക്കണമെന്ന് ഡബ്ല്യുസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനത്തെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ശക്തമായി അപലപിച്ചിരുന്നു. തീരുമാനം സ്ത്രീവിരുദ്ധവും അക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കലും നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയും ആണെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപീനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ ധാരണയായത്. തുടര്‍ന്ന് ചേര്‍ന്ന എക്‌സിക്യട്ടീവ് യോഗത്തില്‍ കഴിഞ്ഞവര്‍ഷം ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. എന്നാല്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ താരം അടക്കം നാല് നടിമാര്‍ ചലചിത്രതാര സംഘടനയായ ‘അമ്മ’ യില്‍ നിന്ന് രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. നാലുപേരും സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് രാജിക്കത്ത് നല്‍കിയത്.

DONT MISS
Top