ദിലീപിന്റെ ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. കേസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതി മുതല്‍ ഹൈക്കോടതി വരെ ദിലീപ് 11 ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. കേസ് സംബന്ധിച്ച രേഖകളെല്ലാം ദിലീപിന് നല്‍കിക്കഴിഞ്ഞു. രേഖകള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ നീട്ടിക്കൊണ്ട് പോകാനാണ്.

കേസിലെ അന്വേഷണം ശരിയായ ദിശയിലായിരുന്നു. കൃത്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ പറയുന്നു. ദിലീപ് വിവിധ കോടതികളില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളുടെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 23 ലേക്ക് മാറ്റി.

DONT MISS
Top