അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടിന്റെ ആക്ഷന്‍ ഫോഴ്‌സാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം. പ്രത്യേക ആയുധ പരിശീലനം നേടിയ സംഘമാണ് ആക്ഷന്‍ ഫോഴ്‌സ്. അഭിമന്യുവിന്റെ ശരീരത്തിലെ മുറിവും ഇക്കാര്യം വ്യക്തമാക്കുന്നു.

എതിരാളിയെ ഒറ്റക്കുത്തിന് കൊലപ്പെടുത്തുക എന്ന രീതിയാണ് ആക്ഷന്‍ ഫോഴ്‌സ് സ്വീകരിക്കാറുള്ളത്. കേസിന്റെ വിചാരണ വേളയില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു രീതി സ്വീകരിക്കുന്നത്. മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉപേക്ഷിക്കാത്തതും പരിശീലനം നേടിയ കുറ്റവാളികളുടെ രീതിയാണ്.

തീവ്രവാദ സ്വഭാവമുള്ളവര്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പത്ത് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നിയാസ്, സൈഫുദ്ദീന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുണ്ട്.

DONT MISS
Top