ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്കും കോച്ചിനും പത്താം ദിവസം ഭക്ഷവും വൈദ്യസഹായവും എത്തിച്ചു; രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ നീണ്ടേക്കുമെന്ന് സൂചന

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികള്‍ക്കും കോച്ചിനും ഭക്ഷണവും വൈദ്യ സഹായവും എത്തിച്ചു. മുങ്ങല്‍ വിദഗ്ദര്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം കുട്ടികളുടെ സമീപത്ത് എത്തിയിട്ടുണ്ട്. തങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കുട്ടികള്‍ പറയുന്നതിന്റെ വീഡിയോയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഗുഹയില്‍ അടപ്പെട്ട ഇവരെ ഒന്‍പത് ദിവസത്തിനുശേഷമാണ് ജീവനോടെ കണ്ടെത്തിയത്. പത്ത് കിലോമീറ്ററോളം നീളമുള്ള ഗുഹയില്‍ ഏത് ഭാഗത്താണ് ഇവരുള്ളതെന്ന് കണ്ടെത്താന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള തിരിച്ചിലിലാണ് നാല് കിലോമീറ്റര്‍ ഉള്ളിലാണ് കുട്ടികളും കോച്ചും ഉള്ളതെന്ന് കണ്ടെത്താനായത്. എന്നാല്‍ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും മാസങ്ങള്‍ നീളുമെന്നാണ് കരുതുന്നത്. കുട്ടികള്‍ അകപ്പെട്ടിരിക്കുന്ന ഗുഹാമുഖം പൂര്‍ണ്ണമായും അടഞ്ഞിരിക്കുകയാണ്. ഉള്ളിലേക്ക് ചെളിയും വെള്ളവും നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.

ഇവരെ പുറത്തെത്തിക്കാന്‍ രണ്ട് വഴികളാണ് ഉളത്. ഒന്ന് ഗുഹയില്‍ അകപ്പെട്ടവരെ മുങ്ങാങ്കുഴിയിടുന്നത് പഠിപ്പിക്കണം എന്നതാണ്. എന്നാല്‍ ഗുഹയില്‍ ചെളി നിറഞ്ഞതിനാല്‍ ഇത് അപകടകരമാണ്. ഗുഹയിലെ വെള്ളം താഴുന്നതുവരെ കാത്തിരിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ ഇതിനായി നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും. അതുവരെ ഇവര്‍ക്കുള്ള ഭക്ഷണം ഗുഹയില്‍ എത്തിച്ച് നല്‍കേണ്ടി വരും. ഗുഹയിലെ ജലവിതാനം കുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയമായിരുന്നു.

ഗുഹയില്‍ സന്ദര്‍ശനം നടത്താനെത്തിയ കോച്ചും കുട്ടികളും കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെയാണ് പാറയില്‍ അഭയം തേടിയത്. കഴിഞ്ഞ മാസം 23 നാണ് വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെ പുറത്തുവരാന്‍ സാധിക്കാതെ ഇവര്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

11നും 16നും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍. 25 വയസുകാരനാണ് കൂടെയുള്ള പരിശീലകന്‍. ഗുഹാകവാടം മൂടിയ അവസ്ഥയില്‍ ഇരുട്ടില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രക്ഷപ്പെടാന്‍ കഴിയുമോ എന്ന് പോലും ഉറപ്പില്ലാതെ നീണ്ട ഒന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തളരാത്ത കുട്ടികളുടെയും കോച്ചിന്റെയും ഇച്ഛാശക്തിയെ അഭിനന്ദിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. കുട്ടികളും അവരുടെ പരിശീലകനും അപകടമൊന്നും കൂടാതെ തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലാണ് തായ്‌ലാന്‍ഡിനൊപ്പം ലോകം മുഴുവനും.

DONT MISS
Top