വ്യാജപ്രചരണം: മഹാരാഷ്ട്രയില്‍ ഒന്നരമാസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് 10 പേരെ

മുംബൈ: കഴിഞ്ഞ ഒന്നരമാസത്തിനിടെ മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത് പത്തുപേര്‍. ഇത്തരത്തില്‍ 14 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് കരുതി അഞ്ചുപേരെ തല്ലിക്കൊന്നതാണ് ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത സംഭവം.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കി വരികയാണെന്ന് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ബിപിന്‍ ബിഹാരി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ഔറംഗബാദ്, നാസിക്, നന്ദുര്‍ബര്‍, ധൂലെ, ജല്‍ഗാവ്, ബീഡ്, പര്‍ഭാനി, നന്ദേഡ്, ലാതുര്‍, ഗോണ്ടിയ, ചന്ദ്രപുര്‍ എന്നിവിടങ്ങളിലാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടതലായും റിപ്പോര്‍ട്ട് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

മോഷണശ്രമം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ എന്നീ സംശയങ്ങളാണ് അപരിചിതരെ മര്‍ദ്ദിക്കുന്നതിലേക്ക് ജനക്കൂട്ടത്തെ പ്രകോപിതരാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണങ്ങളാണ് പല കേസിനും കാരണം. പത്ത് പേരുടെ മരണത്തിന് പുറമെ 18 ഓളം പേര്‍ ഇത്തരത്തില്‍ മര്‍ദ്ദനത്തിനിരയായി പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അറുപതോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് എഡിജിപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും നിരപരാധികളെ സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top