കിടക്ക പങ്കിടാന്‍ സാധിക്കില്ല എന്ന നിലപാട് കാരണം നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മല്ലികാ ഷെരാവത്

സിനിമാ മേഖലയില്‍ തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് തുറന്നുപറഞ്ഞ് മല്ലികാ ഷെരാവത്. നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാകാത്തത് നിരവധി അവസരങ്ങള്‍ നഷ്ടമാക്കി എന്നാണ് അവര്‍ പറഞ്ഞത്. സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴക്കിയെടുക്കാം എന്ന് ധരിച്ച് സംവിധായകരും സഹതാരങ്ങളും സമീപിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“കുട്ടിയുടുപ്പ് ധരിച്ചെത്തി ചുംബന രംഗങ്ങളില്‍ അഭിനയിച്ചാല്‍ സദാചാരമില്ലാത്തവളായാണ് മുദ്രകുത്തപ്പെടുന്നത്. അങ്ങനെ ധരിച്ച് ആണുങ്ങള്‍ സ്വാതന്ത്ര്യമെടുക്കും. ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്നതുപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലേ എന്നാണ് ചോദിക്കുക. ഇത്തരത്തില്‍ നായകന്മാരുടെ അപ്രീതികൊണ്ട് നഷ്ടമായത് നിരവധി പ്രൊജക്ടുകളാണ്. ഇത് സമൂഹത്തിന്റെ തന്നെ പരിച്ഛേദമാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയാണിത്”, മല്ലിക പറഞ്ഞു.

പതിനാല് വര്‍ഷം മുമ്പ് പുറത്തുവന്ന ഇമ്രാന്‍ ഹഷ്മി ചിത്രം മര്‍ഡറിലൂടെയാണ് മല്ലിക ശ്രദ്ധേയയാകുന്നത്. ഇതിനുശേഷം നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമാകാന്‍ മല്ലികയ്ക്ക് കഴിഞ്ഞു. ജാക്കിച്ചാനുമൊത്തുള്ള ദി മിത്ത് ഏറെ ശ്രദ്ധേയമായി. കമല്‍ ഹാസ്സന്റെ ദശാവതാരത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമകളിലും ഒരുകൈ അവര്‍ നോക്കി. ഹിസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തയായി. ടൈം റൈഡേഴ്‌സ് എന്ന ചൈനീസ് ചിത്രവും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

DONT MISS
Top