ജേക്കബ് തോമസിന് എതിരായ കോടതി അലക്ഷ്യ ഹര്‍ജി: സുപ്രിം കോടതിയില്‍ മറുപടി നല്‍കാതെ ഹൈക്കോടതി

സുപ്രിം കോടതി

ദില്ലി: ഹൈക്കോടതി ജഡ്ജിമാരായ പി ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്ക് എതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിച്ചതിന് വിജിലന്‍സ് മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചതിനെ കുറിച്ച് കേരള ഹൈക്കോടതിയോട് സുപ്രിം കോടതി വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദീകരണം തേടി നാല് മാസം കഴിഞ്ഞിട്ടും ഹൈക്കോടതി സുപ്രിം കോടതിയില്‍ മറുപടി നല്‍കിയിട്ടില്ല.

ജസ്റ്റിസ് ആന്റണി ഡൊമനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലഘട്ടത്തില്‍ ആണ് ജേക്കബ് തോമസിന് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്. ജേക്കബ് തോമസിനോട് നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകണം എന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പിന്നീട് സുപ്രിം കോടതി സ്‌റ്റേ ചെയ്തു,

ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുകയും ജസ്റ്റിസ് ഹൃഷികേശ് റോയ് ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തശേഷം, ജേക്കബ് തോമസിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ ആദ്യമായി പരിഗണിക്കുകയാണ്. കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകണം എന്ന ആവശ്യം നാളെ ഹൈക്കോടതി ശക്തമായി സുപ്രിം കോടതിയില്‍ ഉന്നയിക്കുമോ എന്ന് വ്യക്തമല്ല. ഹൈക്കോടതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ആകും നാളെ ഹാജര്‍ ആകുക.

കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26 ന് ചീഫ് സെക്രട്ടറി മുഖാന്തിരം അയച്ച പരാതിയില്‍ കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിനും, പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തിനും ആണ് ജേക്കബ് തോമസിന് എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്. അഴിമതി പുറത്ത് കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര നിയമത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ വെളിപ്പെടുത്തലുകള്‍ക്ക് സംരക്ഷണം ലഭിക്കില്ലെന്നും, ജേക്കബ് തോമസ് സാമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ഹൈകോടതി ജഡ്ജിമാരെ പരിഹസിക്കുക ആണെന്നും ഹൈക്കോടതിയില്‍ ലഭിച്ച പരാതിയില്‍ ആരോപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

ജേക്കബ് തോമസിന് വേണ്ടി നാളെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരാകും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

DONT MISS
Top