വിംബിള്‍ഡണിന് തുടക്കമായി: ഫെഡറര്‍ രണ്ടാം റൗണ്ടില്‍, സ്റ്റീഫന്‍സ് പുറത്ത്

ലണ്ടന്‍: വിംബിള്‍ഡണിന്റെ ആദ്യദിനം നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ റോജര്‍ ഫെഡറര്‍, മൂന്നാം സീഡ് മരിന്‍ സിലിക്, സാം ഖുറെ, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, കരോളിന്‍ വോസ്‌നിയാക്കി, കരോളിനെ പ്ലിസ്‌കോവ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം, വനിതാ വിഭാഗത്തില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ സ്ലൊവാനി സ്റ്റീഫന്‍സ് പുറത്തായി.

ഒന്‍പതാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ ആദ്യ റൗണ്ടില്‍ അനായാസ ജയമാണ് സ്വന്തമാക്കിയത്. സെര്‍ബിയയുടെ ദുസാന്‍ ലജോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-1, 6-3, 6-4. മറ്റൊരു സ്വിസ് താരം വാവ്‌റിങ്ക ബെള്‍ഗേറിയയുടെ ആറാം സീഡ് ഗ്രിഗര്‍ ദിമിത്രോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 1-6, 7-6, 7-6, 6-4.

നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവും വനിതാവിഭാഗം നാലാം സീഡുമായ സ്ലൊവാനി സ്റ്റീഫന്‍സിനെ ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചാണ് ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-1, 6-3. എട്ടാം കിരീടം ലക്ഷ്യമിടുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് ആദ്യ റൗണ്ടില്‍ വിജയം കണ്ടു. ഡച്ച് താരം അരാന്താ റസിനെ 7-5, 6-3 എന്ന സ്‌കോറിനാണ് സെറീന മറികടന്നത്.

DONT MISS
Top