ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡനം: വൈദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല

കേരള ഹൈക്കോടതി

കൊച്ചി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആരോപണവിധേയരായ വൈദികരുടെ അറസ്റ്റ് തടയാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസില്‍ രണ്ട് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ കോടതി ഇടക്കാല വിധി പറഞ്ഞില്ല. ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

സത്യപ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും അതിനാല്‍ പരാതിക്കാരിയുടെ മൊഴി പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മൊഴിയില്‍ വൈദികര്‍ക്കെതിരെ ആരോപണം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജിയിലെ മറുപടിക്കായി സര്‍ക്കാര്‍ നാലുദിവസത്തെ സമയം ആവശ്യപ്പെട്ടു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നാല് വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ എഫ്‌ഐആര്‍ തിരുവല്ല മജിസ്‌ടേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ വൈദികരുടെ അറസ്റ്റിന് മുന്നോടിയായി അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് കോട്ടയം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ ഗൗരവവും ലഭ്യമായ തെളിവുകളും വൈദികര്‍ക്ക് എതിരാണെന്നും കനത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും സഭാധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കാതോലിക ബാവയെ ഐജി അറിയിച്ചു. അന്വേഷണത്തില്‍ ഇടപെടില്ലന്ന് സഭ വക്തമാക്കി.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വൈദികര്‍ക്കെതിരെ കേസെടുത്തത്. ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്, ഫാദര്‍ ജോണ്‍സണ്‍ വി മാത്യു, ഫാദര്‍ ജോബ് മാത്യു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് വൈദികര്‍. ഇടവക വികാരിയായിരുന്ന എബ്രഹാം വര്‍ഗീസ് 16 വയസ്സ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നതായി വീട്ടമ്മ പറയുന്നു. ഇക്കാര്യം വിവാഹശേഷം ഫാദര്‍ ജോബ് മാത്യുവിനോട് കുമ്പസരിച്ചു. ഈ വിവരം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്നുപറഞ്ഞതായി സ്ത്രീ മൊഴി നല്‍കി. ഇതോടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ജോണ്‍സണ്‍ വി മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. വീടുകളിലും ആഢംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. മാനസികനില തെറ്റുമെന്ന സ്ഥിതിയായപ്പോഴാണ് ഫാദര്‍ ജെയ്‌സ് കെ ജോര്‍ജിന് മുന്നില്‍ കൗണ്‍സലിങ്ങിന് പോയത്. ഇതോടെ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചിയിലെ ഹോട്ടലില്‍വെച്ച് ഈ വൈദികനും പീഡിപ്പിച്ചു. ഹോട്ടലിന്റെ ബില്‍ നല്‍കാന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴരപവന്‍ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേട് വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഹോട്ടല്‍ ബില്‍ ഇമെയിലില്‍ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ വീട്ടിലേക്ക് മടക്കിയയച്ചതായും യുവതി വെളിപ്പെടുത്തി.

യുവതിയുടെ 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.പി സാബുമാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

DONT MISS
Top