”കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അഭിമന്യു”; ഇതിനുത്തരവാദികളായവര്‍ക്ക് മാപ്പില്ലെന്നും വിഎം സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അഭിമന്യൂയെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കൊലയ്ക്ക് ഉത്തരവാദികളായവര്‍ക്ക് മാപ്പില്ലെന്നും നിയമാനുസൃതമായ പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

‘കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അഭിമന്യു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ സര്‍വ്വസ്വപ്നങ്ങളുമാണ് തകര്‍ന്നടിഞ്ഞത്. ഇതിനുത്തരവാദികളായവര്‍ക്ക് മാപ്പില്ല. കൊലയാളികള്‍ക്ക് നിയമാനുസൃതമായ പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. ഈ ദുഷ്ടശക്തികളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുകയും വേണം. നമ്മുടെ നാടിന് അപമാനം വരുത്തിവയ്ക്കുന്ന ഈ ചോരക്കളി അവസാനിപ്പിച്ചേ മതിയാകൂ,’ സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം അഭിമന്യുവിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഏഴ് സെന്റീമീറ്റര്‍ നീളത്തിലും നാല് സെന്റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് ഉണ്ടായതെന്നും മരണം ഉടന്‍ തന്നെ സംഭവിച്ചിരുന്നെന്നും ചികിത്സിച്ചാല്‍ പോലും ഭേദമാകാത്ത വിധത്തിലുള്ള മുറിവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളി സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.

DONT MISS
Top