ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണം; യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

പ്രതീകാത്മക ചിത്രം

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ പീഡനത്തില്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. 164-ാം വകുപ്പ് പ്രകാരമാണ് മൊഴി രേഖപ്പെടുത്തുക. ഇതിനായി അന്വേഷണ സംഘം തിരുവല്ല കോടതിയില്‍ അപേക്ഷ നല്‍കും.

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ പീഡന കേസില്‍ നാലുപേര്‍ക്കെതിരെയും ബലാത്സംഗം, ഭീഷണപ്പെടുത്തി ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാദര്‍ ജോബ് മാത്യുവാണ് ഒന്നാം പ്രതി. തിരുവല്ല സ്വദേശിയായ യുവാവാണ് അഞ്ചുവൈദികര്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനല്‍കിയത്. എന്നാല്‍, യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്തശേഷം നാലുപേരെ മാത്രം പ്രതികളാക്കുകയായിരുന്നു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. വിവാഹത്തിനുമുന്‍പ് 16 വയസ്സുള്ളപ്പോഴാണ് ഫാദര്‍ എബ്രഹാം വര്‍ഗീസ് പീഡിപ്പിച്ചതെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്. 2009ല്‍ ഫാദര്‍ ജോബ് മാത്യുവിനുമുന്നില്‍ ഇക്കാര്യം കുമ്പസാരിച്ചു. ഇതു പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫാദര്‍ ജോബ് മാത്യു പീഡിപ്പിച്ചത്. ഇതേക്കുറിച്ച് പരാതിപറയാന്‍ മുന്‍സഹപാഠിയായ ഫാദര്‍ ജെയ്‌സിനെ കണ്ടു. എന്നാല്‍,‚ ജെയ്‌സും ലൈംഗികമായി ചൂഷണംചെയ്തു. തുടര്‍ന്ന് കൗണ്‍സലിംഗിനായി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങള്‍ മുതലെടുത്ത് ഫാദര്‍ ജോണ്‍സണും പീഡിപ്പിച്ചു. താനുമായി ബന്ധമുള്ളകാര്യം വൈദികര്‍ക്ക് പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലും വെച്ചായിരുന്നു പീഡനമെന്നും യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

DONT MISS
Top