ക്വാര്‍ട്ടറിലേക്ക് ചിറകടിച്ചുയര്‍ന്ന് കാനറിപ്പട; മെക്‌സിക്കോയെ പരാജയപ്പെടുത്തി ബ്രസീല്‍

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയെ തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. ഒന്നാം പകുതി വിരസമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഉയര്‍ത്തെഴുന്നേറ്റ ബ്രസീലിനെയാണ് കാണാന്‍ സാധിച്ചത്.

എത്ര ശ്രമിച്ചാലും മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചാവോയെ നീളന്‍ ഷോട്ടുകള്‍ വഴി കീഴ്‌പ്പെടുത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ ബ്രസീല്‍ രണ്ടു ഗോളുകളും മികച്ച ക്രോസുകള്‍ വഴിയാണ് നേടിയത്. നിരവധി മികച്ച ഷോട്ടുകള്‍ ബ്രസീല്‍ കളിക്കാര്‍ തൊടുത്തുവെങ്കിലും അതെല്ലാം ഒച്ചാവോ നിഷ്പ്രഭമാക്കുകയായിരുന്നു.

ആദ്യ ഗോള്‍ നേടിയ നെയ്മര്‍ രണ്ടാം ഗോള്‍ അസിസ്റ്റ് ചെയ്യുകയും ചെയ്തു. ഫെര്‍മിനോയാണ് രണ്ടാം ഗോള്‍ നേടിയത്. മെക്‌സിക്കോയും മികച്ച കളിയാണ് രണ്ടാം പകുതിയില്‍ പുറത്തെടുത്തത് എങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ഇതോടെ ലാറ്റിനമേരിക്കന്‍ ശക്തികളായ രണ്ട് ടീമുകളില്‍നിന്നും മെക്‌സിക്കോ ലോകകപ്പില്‍നിന്ന് പുറത്തും ബ്രസീല്‍ അകത്തുമായി.

ലോകകപ്പ് ഫേവറിറ്റുകളില്‍ അര്‍ജന്റീനയും ജര്‍മനിയും സ്‌പെയിനും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പുറത്തായപ്പോള്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ കളികളില്‍നിന്നും കുറച്ചുകൂടി മെച്ചപ്പെട്ട ടീം ഗെയിം പുറത്തെടുക്കാന്‍ രണ്ടാം പകുതിയില്‍ ബ്രസീലിന് കഴിഞ്ഞു എന്നതും ആരാധകര്‍ക്ക് ആശ്വാസമായി.

DONT MISS
Top