ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ദിനാളിന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന് സഭാ വക്താവ്

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡനക്കുറ്റം ആരോപിച്ച് ഒരു കന്യാസ്ത്രീയും ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് സഭാ വക്താവ് ജിമ്മി പൂച്ചക്കാട്ടില്‍. പൊലീസില്‍ പരാതി നല്‍കിയ കന്യാസ്ത്രീ ആരാണെന്ന് മാധ്യമവാര്‍ത്തകളില്‍ നിന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കന്യാസ്ത്രീ കര്‍ദിനാളിനെ നേരില്‍ കാണുകയും സന്യാസസമൂഹത്തില്‍ നടക്കുന്ന നിയമനങ്ങളും സ്ഥലം മാറ്റങ്ങളും അതുമൂലം അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും സംസാരിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി അയച്ചു.

2017 നവംബര്‍ 23 ന് ജലന്ധര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രീയുടെ പിതാവ് തന്റെ മകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മേജര്‍ ആര്‍ച് ബിഷപിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയിലോ അനുബന്ധ രേഖകളിലോ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നില്ല. പരാതിയില്‍ പറഞ്ഞ വിഷയങ്ങളില്‍ ഇടപെടാന്‍ ആര്‍ച് ബിഷപിന് അധികാരം ഇല്ലാത്തതുകൊണ്ട് വിഷയത്തില്‍ നടപടി ഒന്നും എടുത്തില്ല. വക്താവ് ജിമ്മി പൂച്ചക്കാട്ടില്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

DONT MISS
Top