ഗണേഷിന്റെ ഓഡിയോ ക്ലിപ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു

അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് കെബി ഗണേഷ് കുമാറിന്റെ വോയിസ് ക്ലിപ് ചോര്‍ത്തിയത് ആരാണെന്ന് കണ്ടുപിടിക്കാന്‍ സൈബര്‍ വിദഗ്ധരായ സ്വകാര്യ ഏജന്‍സികളെ അമ്മ നിയോഗിച്ചു. അകത്തെ കള്ളന്‍ ആരാണെന്ന് കണ്ടുപിടിക്കുകയാണ് ലക്ഷ്യം. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളില്‍ ആരോ ഒരാള്‍ ഈ വോയിസ് ക്ലിപ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടുണ്ട്. ആരാണ് ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാന്‍ സ്വകാര്യ സൈബര്‍ വിദഗ്ധര്‍ക്ക് കഴിയും. മുതിര്‍ന്ന ഭാരവാഹി റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തി.

അമ്മയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി രേവതി ഉള്‍പ്പെടെ നാലുപേരെ എക്‌സിക്യൂട്ടീവ് കമ്മറ്റി ചര്‍ച്ചയ്ക്ക് വിളിക്കും. രേവതി അടക്കം നാല് പേരാണ് ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. ലണ്ടനില്‍ നിന്ന് മോഹന്‍ലാല്‍ തിരിച്ചെത്തിയാലുടന്‍ നടിമാരുമായി ചര്‍ച്ച നടത്തും. നാല് നടിമാരുടെ രാജി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റി ആലോചിക്കും. അമ്മയ്ക്ക് ആക്രമണത്തെ അതിജീവിച്ച നടിയുടെയും രമ്യാ നമ്പീശന്റെയും രാജി കിട്ടിയിട്ടുണ്ട്. റിമയുടെയും ഗീതുവിന്റെയും രാജി കിട്ടിയിട്ടില്ല. രാജി സ്വീകരിക്കണോ വേണ്ടയോ എന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനിക്കേണ്ടത്.

ഭാരവാഹി തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടി പാര്‍വതി ഉന്നയിച്ച ആരോപണങ്ങള്‍ നുണയാണ്. പാര്‍വതി തെരുവോത്തിനോട് മത്സരിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എക്‌സിക്യൂട്ടീവില്‍ അംഗമാകാന്‍ നോമിനേഷന്‍ ഒപ്പിട്ട് നല്‍കാന്‍ പാര്‍വതിയോട് പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ പോവുകയാണ് എന്നാണ് പാര്‍വതി മറുപടി നല്‍കിയത്. നോമിനേഷന്‍ പ്രിന്റ് ചെയ്ത് വരുന്നദിവസം മുതല്‍ ഇലക്ഷന്‍ വരെയുള്ള ദിവസങ്ങളില്‍ നാട്ടില്‍ കാണില്ല എന്ന് പാര്‍വതി അറിയിച്ചു. പിന്നെ എങ്ങനെ മത്സരിപ്പിക്കാനാകും.

നടി മഞ്ജു വാര്യരോട് വൈസ് പ്രസിഡന്റ് ആകാന്‍ ആവശ്യപ്പെട്ടിരുന്നു. അയ്യോ ആ പരിപാടിക്കേ ഇല്ല എന്നായിരുന്നു മഞ്ജു മറുപടി നല്‍കിയത്. സ്ത്രീകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നില്ല എന്ന് പറയുന്നു. എന്നിട്ട് ഇവര്‍ തന്നെ ഭാരവാഹിത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന ഭാരവാഹി പ്രതികരിച്ചു.

അതിനിടെ രാജിവച്ച നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടിമാരുടെ രാജി സംഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇടവേള ബാബുവിന്റെ പ്രതികരണം. നടിമാര്‍ രാജിവച്ച തീരുമാനത്തിന് പുറകിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. നടിമാരുടെ രാജിയെക്കുറിച്ച് കഴിഞ്ഞ ദിവസം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഫറന്‍സ് കോളിലൂടെയായിരുന്നു ചര്‍ച്ച. രാജി സ്വീകരിക്കേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്. രാജി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിന് പിന്നാലെ സിനിമാ മേഖലയിലെയും രാഷ്ട്രീയ-സാമൂഹിക മേഖലകളിലെയും നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ അടിയന്തര ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. നടന്‍ ജോയ് മാത്യുവും ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

DONT MISS
Top