അഭിമന്യുവിന്റെ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

പിണറായി വിജയന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണം.

പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടും. ക്യാമ്പസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top