രാജിവച്ച നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ഇടവേള ബാബു

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നടിമാരുടെ രാജി സംഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇടവേള ബാബുവിന്റെ പ്രതികരണം. പ്രസിഡന്റ് മോഹന്‍ലാലും കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാരായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. തനിക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഉള്‍പ്പെടെ സംഘടന സ്വീകരിച്ച നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പ് ആക്രമണത്തെ അതിജീവിച്ച നടിയും രാജിവച്ചിരുന്നു.

നടിമാര്‍ രാജിവച്ച തീരുമാനത്തിന് പുറകിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. നടിമാരുടെ രാജിയെക്കുറിച്ച് കഴിഞ്ഞ ദിവസം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഫറന്‍സ് കോളിലൂടെയായിരുന്നു ചര്‍ച്ച. രാജി സ്വീകരിക്കേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം അംഗങ്ങളും സ്വീകരിച്ചത്. രാജി സ്വീകരിച്ചാല്‍ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിന് പിന്നാലെ സിനിമാ മേഖലയിലെയും രാഷ്ട്രീയ-സാമൂഹിക മേഖലകളിലെയും നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ അടിയന്തര ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.

DONT MISS
Top