കമല്‍, നിങ്ങളുടെ മനസില്‍ ഞങ്ങള്‍ നിര്‍ഗുണന്‍മാരായിരുന്നു എന്ന് മനസിലാക്കിത്തന്നതിന് നന്ദി; മറുപടിയുമായി ഇടവേള ബാബു

താരസംഘടനയായ അമ്മയ്‌ക്കെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത്. നിലപാടുകളും അഭിപ്രായങ്ങളും ആകാമെന്നും എന്നാല്‍ കുറച്ചുകൂടി മാന്യത ആകാമായിരുന്നു എന്നും ഇടവേള ബാബു പറഞ്ഞു.

മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീ വിരുദ്ധമാണെന്നും മഹാന്‍മാരെന്ന് കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ താരസംഘടനയ്‌ക്കെതിരെയും കമല്‍ ആഞ്ഞടിച്ചിരുന്നു. 500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നും ആയിരുന്നു പ്രസ്താവന. അതിനാല്‍ അതില്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടു.

ഇതിനുളള മറുപടിയുമായാണ് ഇടവേള ബാബു രംഗത്തെത്തിയിരിക്കുന്നത്.

ഇടവേള ബാബുവിന്റെ മറുപടി

ശ്രീ കമല്‍, ഇന്നത്തെ പത്ര വാര്‍ത്ത കണ്ടു… ഒരു ആക്കാദമി ചെയര്‍മാന് ചേര്‍ന്ന വാക്കുകളാണ് അതില്‍ ഉപയോഗിച്ചത് എന്ന് തോന്നിയില്ല… നിലപാടുകളും അഭിപ്രായങ്ങളും ആകാം… പക്ഷെ, കുറച്ചു കൂടെ മാന്യത ആകാമായിരുന്നു… 50 ന് ശേഷമുള്ള അംഗങ്ങള്‍ ഔദാര്യവും കൈനീട്ടി ജീവിക്കുന്നവര്‍ ആണെന്ന് ആണല്ലോ… കാഴ്ചപ്പാട്.. പക്ഷെ, അവരും അഭിമാനത്തോടെ ജീവിക്കുന്നവരാണ്…. കമല്‍ എന്ന വ്യക്തിയുടെ മനസ്സില്‍ ഞങ്ങള്‍ ഒക്കെ നിര്‍ഗുണന്‍മാര്‍ ആയിരുന്നു എന്നാണ് കരുതി വെച്ചിട്ടുള്ളതെന്നു ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിന് ഏറെ നന്ദി. സ്‌നേഹത്തോടെ മാത്രം, ഇടവേള ബാബു.

DONT MISS
Top