എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരാണ് കസ്റ്റഡിയിലായത്. എസ്ഡിപിഐ പ്രവര്‍ത്തകരാണിവര്‍. സംഭവത്തില്‍ ഉള്‍പ്പെട്ടെ പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.

കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെ കാമ്പസിലുണ്ടായ അക്രമത്തിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച കോളെജില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. അക്രമത്തില്‍ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അടിയന്ത്രശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അര്‍ജുന്റെ നില ഗുരുതരമായി തുടരുകയാണ്. അഭിമന്യുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടര്‍ന്ന് കൊളേജിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇടുക്കി വട്ടവട സ്വദേശിയാണ് കൊല്ലപ്പെട്ട അഭിമന്യു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ്.

DONT MISS
Top