ജലാലാബാദ് ചാവേറാക്രമണം; പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു

നരേന്ദ്ര മോദി

ദില്ലി: ജലാലാബാദ് ചാവേറാക്രണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 സിഖുമാര്‍ ഉള്‍പ്പടെ 19 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

അഫ്ഗാനിസ്ഥാന് ഇന്ത്യ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഈ ദുഖകരമായ മണിക്കൂറില്‍ അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നങ്കര്‍ഹര്‍ പ്രവിശ്യയിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയെ സന്ദര്‍ശിക്കാന്‍ വാഹനത്തില്‍ പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന ഒരു സിഖ് നേതാവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ബോംബ് സ്‌ഫോടനത്തെ അപലപിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകിട്ട് ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക.

DONT MISS
Top