കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ പീഡിപ്പിച്ചെന്ന പരാതി; ക്രൈംബ്രാഞ്ച് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. വൈദികര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് വീട്ടമ്മ മൊഴി നല്‍കിയത്. ഇതനുസരിച്ച് വൈദികര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും.

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈഗിക അപവാദ കേസ്സില്‍ ഇരയായ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന്‍ പീഡിപ്പിച്ചെന്നും ഇയാള്‍ രഹസ്യ ഫോട്ടോകള്‍ പകര്‍ത്തി മറ്റ് വൈദികര്‍ക്ക് നല്‍കുകയും അതുവഴി അഞ്ച് വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്നുമായിരുന്നു മല്ലപ്പള്ളി സ്വദേശിയായ ഭര്‍ത്താവിന്റെ പരാതി.

ഇത് സാധൂകരിക്കുന്ന മൊഴിയാണ് ഇയാളുടെ ഭാര്യ ക്രൈം ബ്രാഞ്ച് സംഘത്തിന് നല്‍കിയത്. വൈദികര്‍ ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് വീട്ടമ്മയുടെ മൊഴിയിലുണ്ട്. ഇതനുസരിച്ച് ക്രൈം ബ്രാഞ്ച് ഇന്ന് ക്രിമിനല്‍ നടപടിക്രമം പ്രകാരം വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വൈദികര്‍ക്കെതിരെ ഇന്ന് പ്രഥമവിവരറിപ്പോര്‍ട്ട് തയ്യാറാക്കും.കേസ്സിലെ എഫ്‌.െഎ.ആര്‍ തിങ്കളാഴ്ചയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരന്റെ മൊഴിയെടുത്തത്. നടന്ന സംഭവങ്ങളെ സംബന്ധിച്ച് യുവതി ഭര്‍ത്താവിന് മുദ്രപത്രത്തിലെഴുതിക്കൊടുത്ത ഒപ്പിട്ട സത്യപ്രസ്താവന യുവാവ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍ക്കും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികര്‍ക്കുമെതിരെയാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഭര്‍ത്താവ് രംഗത്തെത്തിയത്.

ഇദ്ദേഹം ഭദ്രാസന മെത്രാപ്പോലീത്തമാര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് കാതോലിക്ക ബാവക്ക് പരാതി നല്‍കുകയായിരുന്നു. വിവാഹത്തിനുമുമ്പുണ്ടായിരുന്ന അവിഹിതബന്ധം കുമ്പസാരത്തിനിടെ ഇതിലൊരു വൈദികനോട് വെളിപ്പെടുത്തിയെന്നും ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് അദ്ദേഹം വീട്ടമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുകയായിരുന്നുവെന്നാണ് ആരോപണം. മറ്റുള്ളവര്‍ക്കും വിവരം കൈമാറി. അവരും ഉപയോഗിച്ചെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ വിവരിക്കുന്ന ഭര്‍ത്താവിന്റെ ഫോണ്‍ സംഭാഷണ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എട്ടുപേര്‍ യുവതിയെ ചൂഷണം ചെയ്‌തെന്നും അഞ്ചുപേരുടെ മൊബൈല്‍ ചാറ്റിങ് ഉള്‍പ്പെടയുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും സംഭാഷണത്തില്‍ പറയുന്നു. എന്നാല്‍ കേസില്‍ യുവതിയുടെ തുടര്‍ നിലപാടുകളും നിര്‍ണായകമാണ്. വൈദികര്‍ പീഡിപ്പിച്ചു എന്നതില്‍ അവര്‍ ഉറച്ചു നിന്നാല്‍ മാത്രേേമ കേസ് ശക്തമായി മുന്നോട്ട് പോവുകയുള്ളൂ എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

നിലവില്‍ ഓര്‍ത്തഡോക്‌സ് സഭ അന്വേഷണ കമ്മീഷന് മുമ്പാകെയുള്ള പരാതി പ്രകാരം അഞ്ച് വൈദികരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നിരണം തുമ്പമണ്‍ ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികരായ എബ്രഹാം വര്‍ഗീസ്, ജോണ്‍സണ്‍ വി മാത്യു, ജെയ്‌സ് കെ ജോര്‍ജ്, ജിജോ ജെ എബ്രഹാം, ജോബ് മാത്യു എന്നിവര്‍ക്കെതിരെയാണ് സഭ നടപടി എടുത്തിരിക്കുന്നത്.

DONT MISS
Top