തീപാറിയ കളിക്കൊടുവില്‍ വീണ്ടും ക്രൊയേഷ്യ! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിടറി ഡെന്മാര്‍ക്ക്

അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യ ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തി. നിശ്ചിത സമയത്തും പിന്നീട് 30 മിനുട്ടും കളിച്ചിട്ടും ഓരോ ഗോളുകളാണ് ഇരുടീമുകളും നേടിയിരുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലും അവസാന ഗോള്‍ വരെ ഉദ്വേഗം മുറ്റിനിന്നു. എക്‌സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്താതിരുന്നെങ്കില്‍ ക്രൊയേഷ്യയ്ക്ക് വിജയം കുറച്ചുകൂടി നേരത്തേ ലഭിക്കുമായിരുന്നു.

ആദ്യ അഞ്ചുമിനുട്ടുകളിലാണ് ഇരുടീമുകളും ഗോള്‍ നേടിയത്. കൂട്ടപ്പൊരിച്ചിലുകളില്ലാത്ത ഒന്നാന്തരം ഫുട്‌ബോളാണ് ഇരുടീമുകളും കാഴ്ച്ചവച്ചത്. അവസാന നിമിഷം വരെ ഇരു ടീമുകളും പോരാടി. ഊര്‍ജ്ജം ഒട്ടും ചോരാതെയാണ് 120 മിനുട്ടും ഇരുടീമുകളും കളിച്ചത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉത്സവമായി മാറിയ മത്സരത്തില്‍ രണ്ടുടീമും ഒപ്പത്തിനൊപ്പം മികച്ചുനിന്നു.

ഇതോടെ ക്രൊയേഷ്യ ലോകകപ്പില്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. തലയുയര്‍ത്തിപ്പിടിച്ചുതന്നെ സ്വീഡനും മടങ്ങാം. ഭംഗിയുള്ള കളി കെട്ടഴിച്ച് ആരാധക ഹൃദയം കവര്‍ന്നാണ് ടീം മടങ്ങുന്നതും.

DONT MISS
Top