ലോകകപ്പില്‍ റഷ്യന്‍ അട്ടിമറി; സ്‌പെയിന്‍ പുറത്ത്; വിധി പ്രഖ്യാപിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ട്

ലോകകപ്പില്‍ സ്‌പെയിനിനെ റഷ്യ അട്ടിമറിച്ചു. ടിക്കി-ടാക്കയുടെ മാന്ത്രിക പാദചലനങ്ങള്‍ ഒട്ടും കൂസാതിരുന്ന റഷ്യന്‍ പട സ്‌പെയിനിന് അര്‍ഹിച്ച തോല്‍വി സമ്മാനിക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കളിയുടെ വിധി നിര്‍ണയിക്കപ്പെട്ടത്. ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടാണ് കളിയില്‍ നടന്നത്. മൂന്നാം പ്രീക്വാര്‍ട്ടര്‍ മത്സരമായിരുന്നു ഇന്നത്തേത്.

1-1 എന്ന നിലയിലാണ് 90 മിനുട്ടുകളും പിന്നീട് ലഭിച്ച 30 മിനുട്ടും അവസാനിച്ചത്. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും റഷ്യന്‍ വല കുലുക്കാന്‍ സ്പാനിഷ് ടീമിനായില്ല. നേരത്തെ ലഭിച്ച ഒരു ഗോള്‍ പോലും റഷ്യയുടെ സെല്‍ഫ് ഗോളായിരുന്നു. ഇഗ്നാസെവിച്ചിന്റെ കാലില്‍ത്തട്ടിയാണ് പന്ത് റഷ്യന്‍ വലയിലേക്ക് പോയത്.

പിന്നീട് പിക്വെയുടെ കയ്യില്‍ തട്ടിയ പന്തിന് റഫറി പെനാല്‍റ്റി വിധിച്ചതോടെ ലഭിച്ച അവസരം റഷ്യ മുതലാക്കുകയും ചെയ്തു. ഇതോടെ ആദ്യ പകുതിയില്‍ത്തന്നെ കളി 1-1 എന്ന നിലയിലായി. പിന്നീട് വിരസമായ കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. റഷ്യന്‍ ബോക്‌സിനെ പ്രതിരോധം പിളര്‍ത്താന്‍ സ്‌പെയിന്‍ ആവത് ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് ഷൂട്ടൗട്ടില്‍ സ്‌പെയിനിന് ആദ്യം ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കുകയും ആദ്യ അവസരം ഇനിയേസ്റ്റ ഗോളാക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് അവസരങ്ങളിലുമായി സ്‌പെയിനിന് 3 എണ്ണം മാത്രമാണ് ഗോളാക്കാന്‍ കഴിഞ്ഞത്. റഷ്യയാകട്ടെ ആദ്യ 4 അവസരങ്ങളും ഗോളാക്കി ലോകകപ്പില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. അങ്ങനെ അവസാന ലോകകപ്പില്‍ കണ്ണീരുമായി ഇനിയേസ്റ്റയും ടീമും റഷ്യയില്‍നിന്ന് മടങ്ങി.

സ്‌പെയിനിന്റെ അവസാന ഷോട്ട് റഷ്യന്‍ ഗോളി അക്കിന്‍ഫീവ് കാലില്‍ തട്ടിയകറ്റുന്നു

DONT MISS
Top