ഏഷ്യന്‍ ഗെയിംസില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഒഴിവാക്കിയ സംഭവം; ഒളിംപിക് അസോസിയേഷനെ വിമര്‍ശിച്ച് എഐഎഫ്എഫ്

മുംബൈ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പങ്കെടുപ്പിക്കേണ്ടെന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ(ഐഒഎ) തീരുമാനത്തിനെതിരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഐഎഫ്എഫ്) രംഗത്ത്. മെഡല്‍ സാധ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ ഏഷ്യന്‍ ഗെയിംസിനുള്ള ലിസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ വര്‍ഷങ്ങളില്‍ ടീമിന്റെ നേട്ടങ്ങളെ പാടെ അവഗണിക്കുന്നതാണ് ഒളിംപിക് അസോസിയേഷന്റെ നടപടിയെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധി കുറ്റപ്പെടുത്തി. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എഐഎഫ്എഫ് കായിക മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്. 2018 ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അടുത്തകാലത്തായി മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഫിഫ റാങ്കില്‍ ഉള്‍പ്പെടെ ടീം ഏറെ മുന്നേറി.

അതേസമയം സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടൂവെന്നാണ് ഐഒഎയുടെ വിശദീകരണം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ലിസ്റ്റില്‍ ഫുട്‌ബോള്‍ മാത്രമാണ് ഉള്‍പ്പെടാതിരുന്നത്. മെഡല്‍ സാധ്യതയുള്ള എല്ലാ ഇനങ്ങളിലും ഇന്ത്യ പങ്കെടുക്കുന്നുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മികച്ച വിജയങ്ങളൊന്നും രാജ്യത്തിന് നേടിക്കൊടുക്കാത്ത സാഹചര്യത്തില്‍ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു മുതിര്‍ന്ന ഐഒഎ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി. അടുത്ത വര്‍ഷം ഏഷ്യന്‍ കപ്പ് നടക്കാനിരിക്കെ ഐഒയുടെ ഈ നടപടി കടുത്ത എതിര്‍പ്പിനാണ് വഴിവെച്ചിരിക്കുന്നത്.

DONT MISS
Top