‘പാലിനും മെഴ്‌സിഡസ് കാറിനും ഒരേ നികുതി ചുമത്താനാകുമോ..?’; കോണ്‍ഗ്രസിനെ തള്ളി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ആഡംബര കാറിനും പാലിനും ഒരേ നികുതി ചുമത്താനാകുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിക്ക് കീഴില്‍ എല്ലാ സാധനങ്ങള്‍ക്കും ഒറ്റ നികുതി ഏര്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. ഏകീകൃത ജിഎസ്ടി സാധ്യമല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ല. കോണ്‍ഗ്രസിന്റെ ഈ നീക്കം രാജ്യത്ത് വിലവര്‍ധനയ്ക്ക് മാത്രമേ ഉപകരിക്കൂ, പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടേയും അവശ്യ സാധനങ്ങളുടേയും നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ബിജെപി സര്‍ക്കാരിന്റെ ചരക്കുസേവന നികുതി സമ്പ്രദായം പരാജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഏകീകൃത ജിഎസ്ടി നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നിലവില്‍ വന്നതോടെ പരോക്ഷ നികുതിയില്‍ 70 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 66 ലക്ഷം പരോക്ഷ നികുതിദായകര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 48 ലക്ഷം നികുതിദായകര്‍ കൂടി വര്‍ധിച്ചു. 17 നികുതികള്‍ ഒരുമിച്ച് ചേര്‍ത്തു. ചെക്‌പോസ്റ്റുകള്‍ ഇല്ലാതായി. അതോടൊപ്പം ഇന്‍സ്‌പെക്ടര്‍ രാജ് ഇല്ലാതാക്കാനും സാധിച്ചു, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top