ദിലീപിനെ തിരിച്ചെടുത്ത നടപടി; അമ്മയ്‌ക്കെതിരെ പ്രതിഷേധവുമായി കന്നഡ സിനിമാ പ്രവര്‍ത്തകര്‍

ബംഗളുരു: ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി അമ്മയ്ക്ക് കന്നഡ സിനിമാ പ്രവര്‍ത്തകരുടെ സംഘടന കത്ത് നല്‍കി. കന്നഡ ഫിലിം ഇന്‍ഡസ്ട്രീസ്, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഈക്വാലിറ്റി എന്നീ സംഘടനകളാണ് അമ്മയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. കവിത ലങ്കേഷ്, പ്രകാശ് രാജ്, ശ്രുതി ഹരിഹരന്‍, രൂപ അയ്യര്‍ തുടങ്ങി 50 ഓളം പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. അതിനാല്‍ തന്നെ അമ്മയുടെ തീരുമാനം തിരുത്തണം എന്ന് കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ സ്ത്രീ സുരക്ഷയും ലിംഗ സമത്വവും ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം സിനിമാ മേഖലയ്ക്ക് ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക രീതിയിലുള്ള പ്രതിഷേധമാണ് അമ്മയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത്. സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നതായി പ്രഖ്യാപിച്ച് പതിനാല് നടിമാര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. കൂടാതെ സംഘടനയില്‍ രാജിവച്ച നടിമാര്‍ക്കും വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനും പിന്തുണ അറിയിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

DONT MISS
Top