സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആദ്യം ഡ്രൈിംഗ് ലൈസിന്‍ ലഭിച്ച വിദേശ വനിത മലയാളിയായ ഡോക്ടര്‍ ഇന്ദു ചന്ത്രശേഖരന്‍


ജിദ്ദ: തിരുവനന്തപുരം മുളവന സ്വദേശിനിയാണ് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആദ്യം ഡ്രൈവിംഗ് ലൈസിന്‍ ലഭിച്ച നാല്‍പത്തിയഞ്ചുകാരിയായ ഡോക്ടര്‍ ഇന്ദു ചന്ദ്രശേഖരന്‍. ജിദ്ദയിലെ ജെഎന്‍എച്ച് എന്ന ആതുരാലയത്തില്‍ ഇന്‍േറിസ്റ്റായാണ് ജോലിചെയ്യുന്നത്.

പതിമൂന്ന് വര്‍ഷമായി ജിദ്ദയില്‍ ജോലിയിലുണ്ട് ഇന്ദു. ഇരുപത് വര്‍ഷം മുമ്പ് ജിദ്ദയിലെത്തും മുമ്പ് നാട്ടില്‍നിന്നും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിരുന്നുവെങ്കിലും അതിനുശേഷം വാഹനങ്ങളൊന്നും ഓടിച്ചിരുന്നില്ല. സൗദിയില്‍ നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ഇല്ലാതിരുന്നതിനാല്‍ വാഹനമോടിക്കുവാനുള്ള അവസരവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വാഹനമോടിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് ഡ്രൈവിംഗ് ലൈസന്‍സിന് അപക്ഷ നല്‍കിയത്.

ജിദ്ദയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് നല്ല തിരക്കാണെന്ന് അറിഞ്ഞതിനാല്‍ മക്കയില്‍ ഹയ്യന്നഈം എന്ന സ്ഥലത്ത് ട്രാഫിക്ക് വിഭാഗം കേന്ദ്രത്തില്‍ ചെന്നാണ് ഡ്രൈവിംഗ് ടെസ്റ്റ് നല്‍കി ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ളത്. ആറ് ദിവസം മുമ്പ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചു. ഒന്ന് രണ്ട് ദിവസം വിജനമായ സ്ഥലത്ത് ഭര്‍ത്താവിന്റെ വാഹനവുമായി പോയി ചെറിയ പരിശീലനം. തുടര്‍ന്ന് മക്കയില്‍ പോയി ടെസ്റ്റിന് ഹാജരാവുകയായിരുന്നു. ലൈസന്‍സ് ലഭിച്ച് മക്കയില്‍നിന്നും ജിദ്ദയിലേക്ക് തിരികെയുള്ള യാത്രയില്‍ എണ്‍പത് കിലോമീറ്ററിലധികം ദൂരം ഹൈവേയില്‍ ഡോക്ടര്‍ ഇന്ദു ഒറ്റയ്ക്കാണ് വാഹനമോടിച്ചത്.

യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത കര്‍ശനമായ ടെസ്റ്റായിരുന്നു മക്കയില്‍ ഉണ്ടായതെന്ന് ഇന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന ഇന്ത്യന്‍ ലൈസന്‍സ്, സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സഹിതം ഓണ്‍ലൈനില്‍ അപേക്ഷിച്ചാണ് ടെസ്റ്റ് കൊടുക്കാനുള്ള അവസരം ഉണ്ടായത്. പത്ത് വര്‍ഷത്തെ കാലാവധിയുള്ളതാണ് ലൈസന്‍സ്. 400 റിയാലാണ് ഫീസ്. ടെസ്റ്റ് സമയത്ത് വാഹമോടിക്കുന്നത് ശ്രദ്ധിക്കാനും കംപ്യൂട്ടര്‍ നിരീക്ഷണത്തിനും ഒന്നുവീതം ലേഡി ഓഫീസര്‍മാരായിരുന്നു ഉണ്ടായിരുന്നത്. അറബി ഭാഷയില്‍ മാത്രമായിരുന്നു ഓഫീസര്‍മാര്‍ സംസാരിച്ചിരുന്നത്. രണ്ട് റൗണ്ട് എബൗട്ടും എട്ട് വരക്കുകയുമായിരുന്നു ടെസ്റ്റ്. സീബ്രാ ലൈന്‍, സിഗ്‌നല്‍, സ്‌റ്റോപ്പ്, ഫ്രന്റ്, ബേക്ക്, സൈഡ് തുടങ്ങിയവയൊക്കെ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടും.

ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതോടെ രാത്രിയില്‍ ഡ്യൂട്ടിക്ക് ഹാജരാകേണ്ടി വരുമ്പോഴും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാനും ഭര്‍ത്താവിനെ ആശ്രയിക്കേണ്ടി വരുന്നത് ഇനിമുതല്‍ ഒഴിവാക്കാനാകുമെന്ന് ഇന്ദു പറഞ്ഞു. ഭര്‍ത്താവിനൊപ്പം ജെഎന്‍എച്ച് എംഡി ഡോക്ടര്‍ വിപി മുഹമ്മദലിയുടെ സഹകരണവും ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കാന്‍ സഹായകമായതായി ഇന്ദു പറഞ്ഞു. ജിദ്ദയിലെ ബിസിനസ്സുകാരനായ പെരിന്തല്‍മണ്ണ സ്വദേശി നൗഷാദ് ചാത്തല്ലൂരാണ് ഭര്‍ത്താവ്. സാവറിയ്യ, ഷയാന്‍ എന്നിവരാണ് മക്കള്‍.

DONT MISS
Top