വിധിയറിയാന്‍ ഇന്ന് റഷ്യയും സ്‌പെയിനും നേര്‍ക്കുനേര്‍; ക്രൊയേഷ്യയ്ക്ക് എതിരാളി ഡെന്‍മാര്‍ക്ക്

ലുഷ്‌നിക്കി: ലോകകപ്പിലെ ആതിഥേയരുടെ വിധി ഇന്നറിയാം. പ്രീക്വാര്‍ട്ടറില്‍ മുന്‍ചാമ്പ്യന്‍മാരായ സ്‌പെയിനാണ് റഷ്യയുടെ എതിരാളി. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ നേരിടും.

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ നിലനില്‍ക്കണമെങ്കില്‍ 2010 ലെ ലോകകിരീടത്തിന്റെ പകിട്ടുമായെത്തുന്ന സ്‌പെയിനെയാണ് റഷ്യക്ക് മറികടക്കേണ്ടത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് റഷ്യയുടെ വരവ്. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഉറുഗ്വെയോടാണ് ഏക തോല്‍വി. സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് എത്തിയതെങ്കിലും ക്രെഡിറ്റില്‍ ഒരു ജയം മാത്രമെ ഉള്ളൂ. ഇറാനെതിരെ മാത്രമാണ് ജയം നേടാനായത്. പോര്‍ച്ചുഗലിനോടും മൊറോക്കയോടും സമനില വഴങ്ങി. മികച്ച ടീം വര്‍ക്ക് ഉണ്ടെങ്കിലും യഥാര്‍ത്ഥ ഫോമിലേക്ക് എത്താന്‍ സ്‌പെയിന് കഴിഞ്ഞിട്ടില്ല. എങ്കിലും റഷ്യയെ മറികടക്കാനുള്ള കരുത്ത് നിലവില്‍ സ്‌പെയിനുണ്ട്. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് ലുഷ്‌നിക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച മൂന്ന് ടീമുകളില്‍ ഒന്നാണ് ക്രൊയേഷ്യ. ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായെത്തിയ ഡെന്‍മാര്‍ക്കാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. റഷ്യന്‍ ലോകകപ്പിലെ പെര്‍ഫെക്ട് ടീമുകളില്‍ ഒന്നാണ് ക്രൊയേഷ്യ. 1998 ല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയ ശേഷം ലോകകപ്പില്‍ കാര്യമായ നേട്ടങ്ങളൊന്നും ക്രൊയേഷ്യയ്ക്ക് ഇല്ല. ആ കുറവ് നികത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം. അതിനൊത്ത ടീമുമായാണ് ഇത്തവണ ക്രൊയേഷ്യ എത്തിയിരിക്കുന്നത്. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും എല്ലാം സന്തുലിതം. മറുവശത്ത് ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലിയല്‍ തളച്ച കരുത്തുമായാണ് ഡെന്‍മാര്‍ക്കിന്റെ വരവ്. ക്രൊയേഷ്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തക്ക മിടുക്ക് ഈ ടീമിനുണ്ട്. എന്നാല്‍ ആ വെല്ലുവിളി ക്രൊയേഷ്യ ഇന്ന് മറികടക്കാനാണ് സാധ്യത. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്ക് നിഷ്‌നി നൊവ്‌ഗോറോഡ് സ്‌റ്റേഡിയത്തിലാണ് മത്സരം.

DONT MISS
Top