മധ്യപ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ഭോപ്പാല്‍: മധ്യപ്രദേശിലെ മാന്ദ്‌സോറില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി അണിനിരന്നു. ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ ജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രംഗത്തെത്തി. എട്ടുവയസ്സുകാരിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവം തന്നെ ഞെട്ടിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ ശിവരാജ് സിംങ് ചൗഹാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും ആരോപിച്ചു.

അതേസമയം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ബിജെപി എംപി സുധീര്‍ ഗുപ്തയോട് കുട്ടിയുടെ രക്ഷിതാക്കള്‍ നന്ദി പറയണമെന്നാവശ്യപ്പെട്ട ബിജെപി എംഎല്‍എ സുദര്‍ശന്‍ ഗുപ്തയുടെ പ്രസ്താവന വന്‍ പ്രതിഷേധത്തിനിടയാക്കി. ‘നിങ്ങള്‍ എംപിയോട് നന്ദി പറയണം, അദ്ദേഹം ഇവിടെത്തിയത് നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ്,’ എന്നായിരുന്നു എംഎല്‍എ രക്ഷിതാക്കളോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മധ്യപ്രദേശില്‍ എട്ടുവയസ്സുകാരി ക്രൂര പീഡനത്തിനിരയായത്. സ്‌കൂള്‍ വിട്ട് അച്ഛനെ കാത്തുനിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും, കൊലപ്പെടുത്താനായി കത്തികൊണ്ട് കഴുത്ത് മുറിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളായ ആസിഫ്(24), ഇര്‍ഫാന്‍(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

DONT MISS
Top