ട്രംപിന്റെ കുടിയേറ്റ നിയമങ്ങള്‍ക്കെതിരെ അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

ട്രംപിനെതിരെ നടക്കുന്ന പ്രതിഷേധം

വാഷിംഗ്ടണ്‍: കുടിയേറ്റക്കാരായ കുടുംബങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. കുടിയേറ്റക്കാരായ കുടുംബങ്ങളെ വേര്‍പിരിക്കുന്ന കുടിയേറ്റ നിയമം മാറ്റി എഴുതണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കുടുംബങ്ങള്‍ ഒരുമിച്ച് കഴിയേണ്ടവര്‍ ആണെന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. 600 ഓളം മാര്‍ച്ചുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്.

കുടിയേറ്റക്കാരായ കുട്ടികളെ വേര്‍പിരിക്കാനുള്ള പഴയ നിയമം തിരുത്തിയെങ്കിലും കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഡോണാള്‍ഡ് ട്രംപ് നടത്തിയ ചില പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയത്. വിവാദമായ കുടിയേറ്റ നയം നടപ്പിലാക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ ഐസിഇയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഐസിഇയെ പിരിച്ചുവിടണം എന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരിക്കെയായിരുന്നു ട്രംപിന്റെ ട്വീറ്റ്.

കുട്ടികളെ വേര്‍തിരിക്കുന്ന നിയമം പിന്‍വലിച്ചെങ്കിലും  2000 ഓളം കുട്ടികള്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും വേര്‍പിട്ട് കഴിയുകയാണ്. 30 ദിവസത്തിനുള്ളില്‍ ഇവരെ ഒരുമിപ്പിക്കണം എന്ന് കാലിഫോര്‍ണിയയിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും നടപടി ക്രമങ്ങള്‍ എങ്ങും എത്തിയിട്ടില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കോടതി ഉത്തരവ് ഒരു ഉറപ്പാകുന്നില്ല എന്നും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെയ്ക്കും എന്ന നടപടി അവസാനിപ്പിക്കണം എന്നതാണ് പ്രതിഷേധക്കാരുടെ മറ്റൊരു ആവശ്യം.

DONT MISS
Top