തോമസ് ചാണ്ടി എംപി ഫണ്ട് ഉപയോഗിച്ച് നികത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി

തോമസ്ചാണ്ടി

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടി എംപി ഫണ്ട് ഉപയോഗിച്ച് നികത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി. ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ വലിയകുളം സീറോ ജെട്ട് റോഡില്‍ രണ്ടിടങ്ങളില്‍ നടത്തിയ നിയമവിരുദ്ധ നികത്തലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നികത്തല്‍ സംബന്ധിച്ച് മുന്‍ കളക്ടര്‍ ടിവി അനുപമയുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് കീഴിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള വലിയകുളം സീറോ ജെട്ടി റോഡില്‍ നിയമവിരുദ്ധ നികത്തുലകള്‍ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ സുഭാഷ് എം തീക്കാടാണ് പരാതി ല്‍കിയിരുന്നത്. പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നിയമവിരുദ്ധ നികത്തലുകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അനധികൃത നികത്തലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലേക്ക് പാലസ് റിസോര്‍ട്ട് സൂപ്പര്‍വൈസര്‍ ജിജി മോന്‍ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് വലിയകുളം സീറോ ജെട്ടി റോഡില്‍ രണ്ടിടങ്ങളിലായി നിയമവിരുദ്ധ നികത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. എന്നാല്‍ വലിയകുളം സീറോ ജെട്ടി റോഡിന്റെ പണി പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു റോഡ് ഉപഭോക്തൃ സമിതിയുടെ വാദം. ഇതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനകം റോഡ് പണി പൂര്‍ത്തിയാക്കണമെന്നും ശേഷം അനധികൃതമായി കണ്ടെത്തിയ രണ്ടിടങ്ങളിലെ നികത്തലുകളും പൂര്‍വസ്ഥിതിയിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കോടതിയുടെ ഉത്തരവും. റോഡ് പണി പൂര്‍ത്തിയാക്കാന്‍ മറ്റ് ഫണ്ടുകളൊന്നും ഇല്ലാതിരിക്കെയാണ് മൂന്ന് മാസത്തിനകം പണി പൂര്‍ത്തീകരിച്ച് അനധികൃത നികത്തലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവ്.

DONT MISS
Top