ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി മറച്ചുവച്ചു, കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പൊലീസില്‍ പരാതി

മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ സംഘടനയായ അര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പേരന്‍സി (എഎംടി) പൊലീസില്‍ പരാതി നല്‍കി. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ നല്‍കിയ പരാതി ആലഞ്ചേരി പൂഴ്ത്തിവച്ചെന്ന് ആരോപിച്ചാണ് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത് ബിഷപ് ആലഞ്ചേരിക്കായിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കര്‍ദിനാള്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. ലൈംഗിക പീഡന പരാതി മറച്ചുവച്ചു എന്നതാണ് പ്രധാന ആക്ഷേപം.

സംഭവം മറച്ച് വച്ചെന്നും പരാതിയില്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെന്നുമാണ് ഐജിക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പരാതിയെക്കുറിച്ച് അന്വേഷിക്കാനും തയ്യാറായില്ലെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.

2016 മെയ് മുതല്‍ രണ്ട് വര്‍ഷത്തിനിടെ ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ പരാതി.

അതേസമയം, കന്യാസ്ത്രീ കര്‍ദിനാള്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയോ എന്നതില്‍ സ്ഥിരീകരണമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

DONT MISS
Top