ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല, നടിമാരുടെ രാജി ധീരം: ടിപി മാധവന്‍

കൊല്ലം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച് നടന്‍ ടിപി മാധവന്‍ രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് മാധവന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തി നടിമാര്‍ രാജിവച്ചത് ധീരമായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് ടിപി മാധവന്‍. എന്നാല്‍ ഇപ്പോള്‍ ആരും നോക്കാനില്ലാതെ കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവനിലാണ് മാധവന്‍ കഴിയുന്നത്. 2015 ല്‍ ഹരിദ്വാറില്‍വച്ച് പക്ഷാഘാതം ഉണ്ടായ ശേഷം കേരളത്തില്‍ തിരിച്ചെത്തിയത് മുതല്‍ മാധവന്‍ ഗാന്ധിഭവനിലെ അന്തേവാസിയാണ്.

അതേസമയം, ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് തയ്യാറാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ ഉടലെടുത്ത ശേഷം ആദ്യമായിട്ടാണ് അമ്മ ഔദ്യോഗികമായി പ്രതികരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം യോഗത്തിന്റെ ഏകകണ്ഠമായ വികാരം ആയിരുന്നെന്നും അതിനൊപ്പം നില്‍ക്കുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദയാണ് സംഘടനാ നേതൃത്വം കാട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

അതിനിടെ അമ്മയ്‌ക്കെതിരെ ആരോപണങ്ങളുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തുകയാണ്. അഭിനയത്തില്‍ തുടരുമ്പോള്‍ തന്നെ അമ്മയില്‍ അംഗങ്ങളാകാനില്ലെന്ന് കാട്ടി 14 നടിമാര്‍ പ്രസ്താവനയിറക്കി. അമ്മയില്‍ ചേരാന്‍ വിസമ്മതിക്കുന്നതിന്റെ കാരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടിമാരായ രഞ്ജിനി, സജിത മഠത്തില്‍, അമല എന്നിവരുടെ നേതൃത്വത്തിലുള്ള 14 പേരാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

DONT MISS
Top