ഫ്ളക്‌സുകള്‍ നീക്കം ചെയ്യാനോടുന്ന മെസ്സിയും റൊണാള്‍ഡോയും; അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: ജര്‍മ്മനിയുടെ ആരാധകര്‍ക്ക് പിന്നാലെ കണ്ണൂരിലെ അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകരെയും ട്രോളി കണ്ണൂര്‍ കലക്ടര്‍. ഇരു ടീമുകളുടെയും ആരാധകര്‍ കണ്ണൂരില്‍ സ്ഥാപിച്ച ഫ്ളക്‌സ്ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി എന്നു പറഞ്ഞുകൊണ്ടാണ് കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ലോകഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കി മെസ്സിയുടെ അര്‍ജന്റീനയ്ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോകകപ്പില്‍നിന്ന് പുറത്തായതോടെ തകര്‍ന്നിരിക്കുന്ന ആരാധരകരെ വീണ്ടും തകര്‍ക്കുന്നതാണ് കളിയും കാര്യവും നിറഞ്ഞ കലക്ടറുടെ പോസ്റ്റ്.

കണ്ണൂരിലെ ഫഌക്‌സ് മാറ്റാന്‍ ഓടുന്ന രണ്ട് പേര്‍ എന്ന അടിക്കുറിപ്പോടെ മെസ്സിയുടേയും റൊണാള്‍ഡോയുടേയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വികുക്ത കണ്ണൂര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുന്നു എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്തായ സമയത്തും കലക്ടര്‍ ഇതേ ട്രോളുമായി രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിനു വേണ്ടി വെച്ച എല്ലാ ഫഌക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നു കുറിച്ചുകൊണ്ടായിരുന്നു കലക്ടര്‍ ജര്‍മ്മന്‍ ആരാധകരുടെ ഹൃദയം തകര്‍ത്തത്. അന്ന് ട്രോളിനെ ആഘോഷമാക്കിയ അര്‍ജന്റീന, പോര്‍ച്ചുഗല്‍ ആരാധകരുടെ വയറു നിറയ്ക്കുന്ന ട്രോളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും അഭിനന്ദിച്ചും അമര്‍ഷം രേഖപ്പെടുത്തിയുമൊക്കെ നിരവധി കമന്റുകളാണ് കളക്ടറുടെ പോസ്റ്റിന് ലഭിക്കുന്നത്. കളക്ടറെ, മരിച്ചവന്റെ ചങ്കിലേ ചൂട് മാറിയിട്ട് പോരെ ശവത്തില്‍ കുത്തല്‍ എന്നും ഈ ഉത്സാഹം രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങളുടെയും ഫഌക്‌സുകള്‍ മാറ്റാനും വേണമെന്നും കമന്റുകളുണ്ട്.

DONT MISS
Top