മെസ്സിയുടെ വഴിയേ റൊണാള്‍ഡോയും പുറത്തേക്ക്; പോര്‍ച്ചുഗലിനെ ഉറുഗ്വായ് തകര്‍ത്തു


ലോകഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കി മെസ്സിയുടെ അര്‍ജന്റീനയ്ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോകകപ്പില്‍നിന്ന് പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വായിയുടെ വിജയം. ഉറുഗ്വായ്ക്കായി രണ്ട് ഗോളുകളും നേടിയത് കവാനിയാണ്. ഇരുഗോളുകള്‍ക്കുമായി പരിശ്രമിച്ച സുവാരസും ടീമിനുവേണ്ടി തിളങ്ങി.

ഏഴാം മിനുട്ടില്‍ ഉറുഗ്വായ്ക്ക് കവാനി ലീഡ് നേടിക്കൊടുത്തു. ഹെഡ്ഡറിലൂടെ നേടിയ ഈ ഗോള്‍ മാത്രമേ ഒന്നാം പകുതിയില്‍ ആകെ പിറന്നുള്ളൂ. 55-ാം മിനുട്ടില്‍ പെപെ നേടിയ ഗോള്‍ പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ചു. ഏഴ്മിനുട്ടുകള്‍ക്ക് ശേഷം കവാനിതന്നെ ഉറുഗ്വായ്ക്ക് അടുത്ത ഗോളും സമ്മാനിച്ചു. ഇതില്‍നിന്ന് കരകയറാന്‍ പിന്നീട് പോര്‍ച്ചുഗലിന് കഴിഞ്ഞില്ല.

കളിയിലുടനീളം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ നേടാന്‍ പരിശ്രമിച്ചു. ഒന്നാം പകുതിയില്‍ ലഭിച്ച ഫ്രീകിക്ക് നിര്‍ഭാഗ്യം കൊണ്ടുമാത്രം പാഴായി. ഉറുഗ്വായ് പ്രതിരോധം പിളര്‍ത്താനാകാതെവന്നതോടെ ലോംഗ് ഷോട്ടുകള്‍ക്ക് അദ്ദേഹം മുതിര്‍ന്നു. അതും ഫലപ്രാപ്തിയിലെത്തിയില്ല. ഇനിയൊരു ലോകകപ്പിന് ബാല്യം ശേഷിക്കാത്ത താരം കടുത്ത തീരുമാനങ്ങളിലേക്കുപോകാന്‍ സാധ്യതയേറെയാണ്.

DONT MISS
Top