ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികളില്‍ യുഡിഎഫിന് വിജയം

ഫയല്‍ ചിത്രം

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയില്‍ വിദ്യാഭ്യാസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റികളിലെ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് ലീഗ് അംഗം എം സഹീദയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് എം സുഭദ്രയുമാണ് വിജയിച്ചത്. സിപിഐഎം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഒന്‍പത് അംഗങ്ങളുള്ള വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ബിജെപിയ്ക്കും യുഡിഎഫിനും നാലു വീതവും സിപിഐഎമ്മിന് ഒരംഗവുമാണ് ഉള്ളത്. ഇതില്‍ ബിജെപി അംഗം എസ്പി അച്യുതാനന്ദന്റെ വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.

എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സഹീദ ബാലറ്റ് പേപ്പറില്‍ ശരിയായി രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. അംഗങ്ങള്‍ വരണാധികാരിയെ നികൃഷ്ട ജീവി എന്നുള്‍പ്പെടെ വിളിച്ചത് സ്ഥലത്ത് ബഹളത്തിനിടയാക്കി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ യുഡിഎഫിന് നാലും ബിജെപിക്ക് മൂന്നും സിപിഐഎമ്മിന് ഒരംഗവുമാണ് ഉള്ളത്. സിപിഐഎം വിട്ടു നിന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയെ മൂന്നിനെതിരെ നാല് വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സുഭദ്ര പരാജയപ്പെടുത്തി.

നഗരസഭയില്‍ അഞ്ച് സ്റ്റാന്റിംഗ് കമ്മറ്റികള്‍ക്കെതിരെ യുഡിഎഫ് ഉയര്‍ത്തിയ അവിശ്വാസ നോട്ടീസുകളില്‍ നേരത്തെ ക്ഷേമം, പൊതുമരാമത്ത് എന്നിവയിലേക്കുള്ള വോട്ടെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് എതിരെയുള്ള അവിശ്വാസം പരാജയപ്പെടുകയും ചെയ്തിരുന്നു.

DONT MISS
Top