ഫെഫ്ക 20 ശതമാനം നോക്കുകൂലി വാങ്ങി, തുറന്ന് പറഞ്ഞ് ആഷിഖ് അബു; പോര് മുറുകുന്നു

താരസംഘടനയായ അമ്മയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായെത്തിയ സംവിധായന്‍ ആഷിഖ് അബു താന്‍ കൂടി അംഗമായ ഫെഫ്കയ്‌ക്കെതിരെ തുറന്ന പോരാട്ടത്തില്‍. സംഘടനയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആഷിഖ് അബു രംഗത്തെത്തി.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാനുള്ള വിവാദതീരുമാനത്തില്‍ നടത്തിയ പ്രതികരണങ്ങളാണ് ആഷിഖ് അബുവും ഫെഫ്കയും തമ്മിലുള്ള പോരിലേക്ക് നീങ്ങിയിരിക്കുന്നത്. അടുത്തിടെ ഒരു ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് നടത്തിയ പ്രസ്താവനകളാണ് ഫെഫ്കയെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് ആഷിഖ് അബുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് ആഷിഖ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അമ്മയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇതിന് വിശദീകരണം നല്‍കി. ഇതില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കരും ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഎസ് വിജയനും മറുപടി നല്‍കി. ഫെഫ്കയില്‍ നിന്നുണ്ടായിട്ടുള്ള സഹായസഹകരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ഇതിനുള്ള പ്രതികരണത്തില്‍ ഫെഫ്കയ്‌ക്കെതിരെ ആഴ്ചപതിപ്പില്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ആഷിഖ് അബു ആവര്‍ത്തിക്കുന്നു.

ആഷിഖ് അബുവിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന്

തന്റെ രണ്ടാമത്ത ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പറിന്റെ അവകാശം നിര്‍മാതാവ് വിറ്റപ്പോള്‍ ലഭിക്കേണ്ട വിഹിതം ആഷിഖ് അബുവിന് ലഭിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഷിഖ് ഫെഫ്കയ്ക്ക് പരാതി നല്‍കി. ഫെഫ്ക വിഷയത്തില്‍ ഇടപെടുകയും ആ നിര്‍മാതാവിന്റെ അടുത്ത ചിത്രമായ നിദ്രയുടെ റിലീസിംഗ് തടയുകയും ചെയ്തു. പണം മേടിച്ച് നല്‍കിയാല്‍ തുകയുടെ അഞ്ച് ശതമാനത്തില്‍ കുറയാത്തതും പത്ത് ശതമാനത്തില്‍ കൂടാത്തതുമായ വിഹിതം ഫെഫ്കയ്ക്ക് നല്‍കണമെന്നാണ് കീഴ്‌വഴക്കം. പെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനാണ് ഇങ്ങനെ തുക ഈടാക്കുന്നത്.

ആഷിഖ് അബുവിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന്

എന്നാല്‍ സംഘടന ഇടപെട്ട് കിട്ടിയ തുകയുടെ 20 ശതമാനം നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സിനിമയുടെ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരോടും സമാനമായ രീതിയില്‍ തുക ആവശ്യപ്പെട്ടു. ഫെഫ്കയില്‍ നിന്ന് നിരന്തരം വിളികള്‍ വന്നതോടെ ലഭിക്കേണ്ട തുക പൂര്‍ണമായും കിട്ടുന്നതിന് മുന്‍പ് താന്‍ 20 ശതമാനം തുക ചെക്കായി ഫെഫ്കയുടെ ഓഫീസില്‍ കൊടുത്തുവിട്ടു. എന്നാല്‍ ധിക്കാരപരമായി പെരുമാറിയെന്ന് കാട്ടി ചെക്ക് തിരിച്ച് തന്നെന്ന് ആഷിഖ് പറയുന്നു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ദിലീഷും ശ്യാമും മുഴുവന്‍ തുക കിട്ടിയ മുറയ്ക്ക് 20 ശതമാനം അടച്ചെന്നും തനിക്ക് ഇപ്പൊഴും മുഴുവന്‍ തുക ലഭിച്ചിട്ടില്ലെന്നും ആഷിഖ് വ്യക്തമാക്കുന്നു. പെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള തുകയ്ക്ക് വേണ്ടിയാണ് ഇങ്ങനെ കമ്മീഷന്‍ ആവശ്യപ്പെടുന്നത്. അതേസമയം, ശ്യാം പുഷ്‌കരനും ദിലീഷ് നായരും 20 ശതമാനം തുക അടച്ചിട്ടില്ലെന്ന് ഫെഫ്ക പറയുന്നു. ഇരുവരും 30,000 രൂപമാത്രമാണ് അടച്ചത്. അവര്‍ക്ക് കിട്ടിയത് 12 ലക്ഷം രൂപയും. ഫെഫ്ക പറയുന്നു.

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാഞ്ഞത് കൊണ്ടാണ് വിശദീകരണത്തിന് ഫെഫ്കയുടെ പ്ലാറ്റ്‌ഫോം ലഭ്യമല്ല എന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിന് മറുപടിയെന്ന നിലയില്‍ ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കരും ഡയറക്ടേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഎസ് വിജയനും ആഷിഖ് അബുവിന് തുറന്ന കത്തെഴുതി. ഒപ്പം കാരണം കാണിക്കല്‍ നോട്ടീസ് പരസ്യപ്പെടുത്തുകയും ചെയ്തു. ഈ തുറന്നകത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയാണ് ആഷിഖ് അബു തന്റെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

DONT MISS
Top