വിചാരണയ്ക്ക് വനിതാ ജഡ്ജി വേണം: അക്രമത്തെ അതിജീവിച്ച നടി ഹൈക്കോടതിയിലേക്ക്

കേരള ഹൈക്കോടതി

കൊച്ചി: തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തെ അതിജീവിച്ച നടി ഹൈക്കോടതിയിലേക്ക്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് നടി ഹൈക്കോടതിയെ സമീപിക്കുന്നത്. അടുത്ത ആഴ്ച നടി ഹര്‍ജി സമര്‍പ്പിക്കും.

പ്രതികള്‍ അനാവശ്യ ഹര്‍ജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ പ്രത്യേക കോടതി അനുവദിച്ചാല്‍ വിചാരണ കാലതാമസം ഇല്ലാതെ പൂര്‍ത്തിയാകുമെന്നും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. തന്റെ സ്വകാര്യത മാനിച്ചാണ് വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന് നടി ആവശ്യപ്പെടുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ അനാവശ്യ ഹര്‍ജികള്‍ നല്‍കി കേസ് താമസിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ ജൂലൈ 11 ന് വിധി പറയും.

DONT MISS
Top