സിപിഐഎം സര്‍ക്കാര്‍ ഭൂമി കയ്യേറി ഷെഡ് സ്ഥാപിച്ചു; പരാതിയുമായി സിപിഐ

കാസര്‍ഗോഡ്: കാസര്‍ഗോഡ് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വാഴപന്തലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഷെഡ് സ്ഥാപിച്ചെന്ന പരാതിയുമായി സിപിഐ. റവന്യൂ മന്ത്രിയുടെ മണ്ഡലത്തിലാണ് ഭൂമി പ്രശ്‌നം ഉടലെടുത്തത്. ഫൈബര്‍ ഷീറ്റ് കൊണ്ട് ഷെഡ് സ്ഥാപിച്ച് ഭൂമിയില്‍ നായനാര്‍ പുരുഷ സംഘം എന്ന് ബോര്‍ഡും സ്ഥാപിച്ചിരിക്കുകയാണ് സിപിഐഎം പ്രവര്‍ത്തകര്‍.

കിനാനൂര്‍ വില്ലേജിലെ റിസര്‍വേ നമ്പര്‍ 410 ല്‍ പെട്ട ഭൂമി സിപിഐഎം പ്രവര്‍ത്തകര്‍ കയ്യേറി ഷെഡ് സ്ഥാപിച്ചു എന്നാണ് സിപിഐയുടെ ആരോപണം. ഇത് സംബന്ധിച്ച് സിപിഐ പ്രവര്‍ത്തകരായ വനിതകള്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കിയതോടെ പ്രശ്‌നം സിപിഐഎം, സിപിഐ തര്‍ക്കത്തിലേക്ക് വഴി തുറന്നിരിക്കുകയാണ്.

നായനാര്‍ പുരുഷ സംഘം സ്ഥാപിച്ച ഷെഡ് പൊളിച്ച് നീക്കുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം താഹസില്‍ദാറും സംഘവും സ്ഥലതെത്തിയെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് നടന്നില്ല. റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ പെടുന്ന സ്ഥലത്ത് വകുപ്പ് സ്വാധീനം ഉപയോഗിച്ച് സിപിഐ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായാണ് സിപിഐഎമ്മിന്റെ ആരോപണം. എന്നാല്‍ ഷെഡ് സ്ഥാപിച്ച സ്ഥലം സീറോ ലാന്‍ഡിന് വേണ്ടി അളന്നിട്ടതെന്നാണ് സിപിഐയുടെ വാദം.

DONT MISS
Top