അവള്‍ക്കൊപ്പം തന്നെ; അതിനൊപ്പം എംഎല്‍എമാര്‍ക്കും എംപിക്കുമൊപ്പമെന്നും സിപിഐഎം

ഫയല്‍ ചിത്രം

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദീലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വിഷയത്തില്‍ നയം വ്യക്തമാക്കി സിപിഐഎം. ഇരയായ നടിക്കൊപ്പം തന്നെയാണ് പാര്‍ട്ടിയെന്ന് സിപിഐഎം വ്യക്തമാക്കി. ഇതിനൊപ്പം തന്നെ ‘അമ്മ’ ഭാരവാഹികളായ നടന്‍മാര്‍ക്കൊപ്പം നില്‍ക്കാനും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ഇടത്പക്ഷ എംഎല്‍എമാരായ മുകേഷ്, ഗണേഷ്‌കുമാര്‍, എംപിയായ ഇന്നസെന്റ് എന്നിവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനാല്‍ തന്നെ വിഷയത്തില്‍ ഇവരോട് വിശദീകരണം തേടേണ്ടതില്ലെന്നുമാണ് പാര്‍ട്ടി തീരുമാനം. സ്വതന്ത്ര സംഘടനയായ ‘അമ്മ’യുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും ഇടത് ജനപ്രതിനിധികളോട് വിശദീകരണം തേടിയാല്‍ അത് എതിരാളികള്‍ക്ക് രാഷ്ട്രീയ മുതലെടുപ്പിന് അവസരമാകുമെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തി.

സംഘടനാവിഷയങ്ങളും കേന്ദ്രകമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനുമായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയായത്. അക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് പാര്‍ട്ടി നിന്നിട്ടുള്ളതെന്നും അത് തുടരണമെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഇതിന്റെ പേരില്‍ താരസംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടതു ജനപ്രതിനിധികളെ ഒറ്റതിരിഞ്ഞാക്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന പൊതു വിലയിരുത്തലിലാണ് നേതൃത്വം എത്തിച്ചേര്‍ന്നത്.

എല്‍ഡിഎഫുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ അവര്‍ക്കെതിരെ മാത്രം ആരോപണമുന്നയിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സ്വതന്ത്രസംഘടനയെന്ന നിലയില്‍ അമ്മ എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെയാവണമെന്ന് പാര്‍ട്ടിയ്ക്ക് നിശ്ചയിക്കാനാകില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടിയും സര്‍ക്കാരും സ്ത്രീപക്ഷ നിലപാട് തന്നെയാണ് ഉയര്‍ത്തി പിടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മുകേഷിനെയും ഇന്നസെന്റിനെയും ആക്രമിച്ച് മുന്നണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്ന നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ഇരുവരോടും വിശദീകരണം ചോദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുകൊണ്ടു തന്നെയാണ് ഒഴിവാക്കിയിരിക്കുന്നത്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാരില്‍ പലരും പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കൂടെയുള്ള ജനപ്രതിനിധികളെ തള്ളിപ്പറയാന്‍ തയാറാകാതെ അവരെ സംരക്ഷിച്ചു കൊണ്ടാണ് പാര്‍ട്ടി നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അമ്മയുടെ പുതിയ ഭരണസമിതിയുടെ വൈസ് പ്രസിഡന്റുമാരാണ് മുകേഷും കെബി ഗണേഷ്‌കുമാറും. മുന്‍ പ്രസിഡന്റാണ് ഇന്നസെന്റ്.

DONT MISS
Top