മോഹന്‍ലാലിന്റെ വീട്ടിലേക്ക് റീത്തുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊച്ചി എളമക്കരയിലെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ മോഹന്‍ലാലിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. റീത്തുമായിട്ടായിരുന്നു കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അമ്മ സംഘടനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഫ്‌ലക്‌സ് വച്ചതിന് ശേഷം അവിടെ റീത്ത് വച്ച് ചന്ദനത്തിരി കത്തിച്ചു.

ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ സംഘടനയുടെ തലപ്പത്തുള്ളവരെയും അതില്‍ പങ്കാളികളായ ഇടത് ജനപ്രതിനിധികളുടെ മൗനത്തെയും വിമര്‍ശിച്ചായിരുന്നു പ്രതിഷേധം. മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി ഒഴിയണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്.

DONT MISS
Top