ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് സമാപനം; എച്ച് ഗ്രൂപ്പില്‍ ജീവന്‍മരണ പോരാട്ടങ്ങള്‍

വോള്‍ഗോഗ്രാഡ്: റഷ്യന്‍ ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് സമാപനമാകും. ജി, എച്ച് ഗ്രൂപ്പുകളിലായി നാല് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. എച്ച് ഗ്രൂപ്പില്‍ ജീവന്‍മരണ പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്.

ജി ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ബെല്‍ജിയം എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് കഴിഞ്ഞു. രണ്ട് കളികളില്‍ ആറ് പോയിന്റാണ് ഇരുവര്‍ക്കും ഉള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ട് മുന്നില്‍ നില്‍ക്കുന്നു. ഇന്ന് ഇരുവരും ഏറ്റുമുട്ടുകയാണ്. വിജയിക്കുന്നവര്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നേറും. മറ്റൊരു കളിയില്‍ ടുണീഷ്യ പനാമയെ നേരിടും. രണ്ട് കളികളും തോറ്റ ഇരുവര്‍ക്കും പോയിന്റൊന്നും ഇല്ല. ഇന്ന് ജയിക്കുന്നവര്‍ക്ക് സമാശ്വാസത്തോടെ റഷ്യ വിടാം. സമനില ആയാല്‍ രണ്ട് പേര്‍ക്കും ഓരോ പോയിന്റുമായി ആശ്വാസത്തോടെ മടങ്ങാം.

എന്നാല്‍ എച്ച് ഗ്രൂപ്പില്‍ ഇതല്ല അവസ്ഥ. ഇന്നത്തെ മത്സരഫലങ്ങള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ മാത്രമല്ല, പ്രീക്വാര്‍ട്ടറിലേക്കുള്ള ടീമുകളെയും നിര്‍ണയിക്കും. ജപ്പാന്‍, സെനഗല്‍, കൊളംബിയ എന്നീ മൂന്ന് ടീമുകള്‍ക്കും മുന്നേറാനുള്ള സാധ്യതയുണ്ട്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുകളുമായി ജപ്പാനും സെനഗലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്ന് പോയിന്റുമായി കൊളംബിയ മൂന്നാമതും പോയിന്റൊന്നും നേടാനാകാതെ പോളണ്ട് അവസാന സ്ഥാനത്തും നില്‍ക്കുന്നു.

ഇന്ന് ജപ്പാന്‍ പോളണ്ടിനെയും സെനഗല്‍ കൊളംബിയയെയും നേരിടും. ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാന്‍ പ്രീക്വാര്‍ട്ടറിലെത്തും. സമനില നേടിയാലും ജപ്പാന് മുന്നേറാം. എന്നാല്‍ തോല്‍വി നേരിട്ടാല്‍ രണ്ടാമത്തെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഏഷ്യന്‍ ശക്തിയുടെ ഭാവി. പിന്നെ പ്രീക്വാര്‍ട്ടറിലെത്തണമെങ്കില്‍ സെനഗല്‍ കൊളംബിയയെ പരാജയപ്പെടുത്തുക തന്നെ വേണം.

സെനഗലിനും സമനില നേടിയാല്‍ മുന്നേറാം. ജയിച്ചാല്‍ ജപ്പാന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ ആരെന്ന് നിശ്ചയിക്കപ്പെടുക. കൊളംബിയയ്ക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ വിജയം അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ആരും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല, അതേസമയം മൂന്ന് ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.

DONT MISS
Top