കുറ്റവിമുക്തനായ ശേഷമേ ദിലീപിനെ തിരിച്ചെടുക്കൂയെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായാല്‍ മാത്രമെ ദിലീപിനെ തിരിച്ചെടുക്കൂയെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. നിരപരാധിത്വം തെളിയുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഇരുസംഘടനകളും പറഞ്ഞു.

കേസില്‍ പ്രതിയായതിനാലാണ് സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും ആ സാഹചര്യത്തില്‍ മാറ്റം വരാത്തതിനാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, കുറ്റവിമുക്തനായാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. വിചാരണപൂര്‍ത്തിയായി ദിലീപ് നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കൂയെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് താരത്തെ നേരത്തെ തന്നെ തിരിച്ചെടുത്തിരുന്നു. കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത്. എന്നാല്‍ ഇത് വിവാദമായതോടെ തത്കാലം താനില്ലെന്ന് പറഞ്ഞ് ദിലീപ് മാറി നില്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് മറ്റ് സംഘടനകള്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.

DONT MISS
Top