ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ സൗദി പ്രവാസികളും

ജിദ്ദ: ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സൗദി പ്രവാസികളിലും വന്‍ ആവേശമാണ് ഉണ്ടാക്കുന്നത്. ജോലിക്കിടയിലും ജോലി കഴിഞ്ഞ് ലഭിക്കുന്ന സമയത്തും കളിയെ കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവച്ചും കളി കണ്ടുമാണ് പ്രവാസികള്‍ സജീവമാകുന്നത്. പ്രവാസികള്‍ക്കിടയില്‍ വ്യക്തമായ ഫാന്‍സ് നിലനില്‍ക്കുന്നുണ്ടെങ്കിലും പലരും മത്സരം വീക്ഷിക്കുന്നത് ഒന്നിച്ചിരുന്നാണ്.

വലിയ സ്‌ക്രീനുകള്‍ ഒരുക്കി സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ കൂട്ടമായി ഇരുന്നാണ് പ്രവാസികള്‍ കൂടുതലായും ഫുട്‌ബോള്‍ മത്സരം കാണുന്ന്. ജിദ്ദയില്‍ മലയാളികള്‍ കൂടുതലായുണ്ടാകാറുള്ള ഷറഫിയ്യയില്‍ നിരവധി സ്ഥലങ്ങളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നിച്ചിരുന്ന് മത്സരം വീക്ഷിക്കുന്നത് കാണാം. വിവിധ ടീമുകളെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒന്നിച്ചിരുന്നാണ് മത്സരം കാണുന്നത്. ഒന്നിച്ചിരുന്ന് കളി കാണുന്നതില്‍ ഒരു തടസ്സവുമില്ല. തൊട്ടടുത്ത കസേരയിലൊ റൂമിലോ കട്ടിലിലോ ഒന്നിച്ചിരുന്നും കിടന്നും പ്രവാസികള്‍ ഫുട്‌ബോള്‍ മത്സരം കാണുകയാണ്. എതിര്‍ ടീമിന്റെ മുന്നേറ്റത്തിലും ഗോള്‍ സ്‌കോര്‍ ചെയ്യുന്നതിലും തൊട്ടടുത്തിരിക്കുന്നവര്‍ ആവേശം കൊള്ളുമ്പോഴും ചലര്‍ ക്ഷമയോടെ ഇരിക്കും. മറ്റു ചിലര്‍ ചെറുതായി വാദങ്ങളെ ഖണ്ഡിക്കും. പക്ഷേ, എല്ലാത്തിലും ഒരു അതിരിട്ടുകൊണ്ടുള്ളതാണ് പ്രവാസികളുടെ ഫുട്‌ബോള്‍ ആവേശം.

അതുകൊണ്ട് തന്നെ കളി കാണുന്നതിനിടയില്‍ സൗഹൃദങ്ങള്‍ക്കൊന്നും ഒരു കോട്ടവും ഉണ്ടാകാറില്ല. വലിയ സ്‌ക്രീനില്‍ കളികാണാന്‍ സമയമില്ലാത്തവര്‍ മൊബൈല്‍ ഫോണില്‍ കളികണ്ട് ആസ്വദിക്കും. ചായകടകളില്‍ പോലും വൈകുന്നേരങ്ങളിലെ പ്രധാന വിഷയം ലോകകപ്പ് ഫുട്‌ബോളായി മാറിയിട്ടുണ്ട്. ‘നവോദയ’, ‘കെഎംസിസി സ്‌നേഹസ്പര്‍ശം’ എന്നിവരുടെ വകയായി ഒരുക്കിയ വലിയ സ്‌ക്രീനില്‍ കളികാണുവാന്‍ നിരവധിപേരാണ് ഒത്തുചേരുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള സംഘടനകളാണെങ്കിലും ഫുട്‌ബോള്‍ മത്സരം കാണാന്‍ ഒന്നിച്ചിരിക്കുന്നവരുടെ രാഷ്ട്രീയവും മന്ത്രവും ഫുട്‌ബോള്‍’ മാത്രമാണ്.

ജിദ്ദ നവോദയ ഓരോ മത്സരത്തിനൊടുവിലും കളിയെകുറിച്ചുള്ള അഭിപ്രായം പങ്കുവെക്കുകയും പ്രവചന മത്സരം നടത്തുകയും ചെയ്യാറുണ്ട്. ആവേശം മൂത്ത് റഷ്യയില്‍ പോയി നേരിട്ട് കളികാണുന്ന പ്രവാസികളുമുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മത്സരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവരും കുറവല്ല. അര്‍ജന്റീന അടക്കമുള്ള ചില ടീമുകളുടെ ഫാനുകളൊക്കെ ഇടക്ക് ഐസിയുവില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ചിലരൊക്കെ ജീവന്‍ തിരിച്ചുകിട്ടിയ ആവേശത്തിലുമാണ്. അങ്ങനെ ലോകകപ്പ് മത്സരം പ്രീ ക്വാര്‍ട്ടറില്‍ എത്തിയതോടെ പ്രവാസികളും ആവേശത്തിന്റെ കൊടുമുടിയിലേക്ക് കയറുകയാണ്.

DONT MISS
Top