ദിലീപിനെതിരായ നടിയുടെ പരാതി സ്ഥിരീകരിച്ച് ഇടവേള ബാബുവിന്റെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു നല്‍കിയ മൊഴി താരസംഘടനയായ അമ്മയ്ക്ക് തിരിച്ചടിയാകുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നെന്ന് കാട്ടി നടി പരാതി നല്‍കിയിരുന്നെന്ന് സ്ഥിരീകരിക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴി. എന്നാല്‍ അത്തരമൊരു പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നായിരുന്നു അമ്മയുടെ വാദം.

നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇതിനെ കുറിച്ച് സംസാരിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത് എന്തിനാണെന്നായിരുന്നു ദിലീപ് ചോദിച്ചത്. ഒരു സ്‌റ്റേജ് ഷോയ്ക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനെ തുടര്‍ന്ന് കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി. ഇടവേള ബാബുവിന്റെ മൊഴിയില്‍ പറയുന്നു.

ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മയില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. ഇക്കാര്യം നടി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവര്‍ത്തിച്ചിരുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും സംഘടന തനിക്കൊപ്പം നിന്നില്ലെന്നും നടി പറഞ്ഞു.

DONT MISS
Top