രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയുധമാക്കി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

രണ്‍ദീപ് സുര്‍ജെവാല

ദില്ലി: ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ്. 2016 ല്‍ പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് മിന്നലാക്രമണത്തെ ബിജെപി വോട്ട് നേടാനുള്ള ആയുധമാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ‘ജയ് കിസാന്‍ ജയ് ജവാന്‍’ എന്ന മുദ്രാവാക്യം നരേന്ദ്രമോദി സര്‍ക്കാര്‍ ചൂഷണം ചെയ്യുകയും മിന്നാലാക്രണത്തിന്റെ പേരില്‍ വോട്ട് നേടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘മോദി സര്‍ക്കാരിനെ പോലെ അടല്‍ ബിഹാരി വാജ്‌പേയിയും മന്‍മോഹന്‍ സിംഗും അവരുടെ ഭരണകാലത്ത് സൈനിക നീക്കങ്ങളുടെ വിജയത്തെ സ്വന്തം പേരില്‍ ആക്കാന്‍ ശ്രമിച്ചിരുന്നോ എന്നാണ് രാജ്യത്തിന്റെ ചോദ്യം. ഒരിക്കലും വോട്ട് നേടാനായി ഭരണകക്ഷികള്‍ സൈന്യത്തെ ആയുധമാക്കാന്‍ പാടില്ല എന്നാല്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുമ്പോഴും അമിത് ഷായുടെ ബിജെപി തോല്‍ക്കുമ്പോഴുമെല്ലാം രാഷ്രീയ നേട്ടത്തിനായി അവര്‍ സൈന്യത്തെ ദുരുപയോഗം ചെയ്യുകയാണ്’, സുര്‍ജെവാല പറഞ്ഞു.

കശ്മീരില്‍ പാകിസ്താന്‍ സ്‌പോണ്‍സേഡ് ഭീകരതയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് താഴ്‌വരയിലെ അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. അതേസമയം യുപിഎ ഭരണകാലത്തും മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടി ഒരിക്കലും അതിന്റെ ക്രെഡിറ്റ് തങ്ങളുടെ പേരിലാക്കിയിട്ടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.

18 സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിന് പിന്നാലെയാണ് 2016 സെപ്തംബറില്‍ പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

DONT MISS
Top