ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന ഏത് പാര്‍ട്ടിയേയും പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി ജഗ്‌മോഹന്‍ റെഡ്ഡി

ജഗ്‌മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗ്‌മോഹന്‍ റെഡ്ഡി. ആന്ധപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് ഉറപ്പ് തരുന്ന ഏത് പാര്‍ട്ടിയേയും തങ്ങള്‍ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് ഒരു പാര്‍ട്ടിയോടും സഖ്യത്തിനോടും പ്രത്യേകം താത്പര്യം ഇല്ലെന്ന് വ്യക്തമാക്കിയ റെഡ്ഡി ഇത് സംബന്ധിച്ച് മുന്‍ ധാരണകളൊന്നും ആയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ആരുമായും സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് തരുന്ന ഏത് പാര്‍ട്ടിക്കും പിന്തുണ നല്‍കും,’ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നടത്തിവരുന്ന പദയാത്ര 200 ദിവസം പിന്നിടുന്ന അവസരത്തിലാണ് നിലപാട് വ്യക്തമാക്കി റെഡ്ഡി രംഗത്തെത്തിയത്.

ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും റെഡ്ഡി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ‘കഴിഞ്ഞ തെരഞ്ഞെടപ്പില്‍ നേരിയ വ്യത്യാസത്തിലാണ് ഞങ്ങള്‍ക്ക് അധികാരം നഷ്ടമായത്. ഇന്ന് കാര്യങ്ങളെല്ലാം അനുകൂലമാണ്. നായിഡുവിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക മേഖല കീഴ്‌മേല്‍ മറിഞ്ഞു. താഴേ തട്ടുമുതല്‍ അഴിമതിയാണ്,’ റെഡ്ഡി ആരോപിച്ചു.

‘ഗ്രാമപ്രദേശങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ തകര്‍ന്നു. അമരാവതി പോലുള്ള പ്രദേശങ്ങള്‍ മണല്‍ മാഫിയയുടെ കൈകളിലാണ്. ടിഡിപി ബിനാമികള്‍ക്ക് മാത്രമാണ് ഇവിടെ സൗജന്യ മണല്‍ ലഭിക്കുന്നത്. ഈ കൊള്ളയ്ക്ക് കളക്ടര്‍മാരടക്കം കൂട്ടുനില്‍ക്കുന്നു’. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നും, തൊഴിലില്ലായ്മ പരിഹരിക്കമെന്നും പറഞ്ഞ നായിഡു വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും റെഡ്ഡി കുറ്റപ്പെടുത്തി.

DONT MISS
Top