പാര്‍വതി രാജിവയ്ക്കാന്‍ തയ്യാറായിരുന്നു, വരാനിരിക്കുന്ന പടങ്ങള്‍ കൂവിത്തോല്‍പ്പിക്കും എന്നതുകൊണ്ടാണ് പിന്‍മാറിയത്‌: ആഷിഖ് അബു

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കാന്‍ നടി പാര്‍വതി തയ്യാറായിരുന്നെന്നും എന്നാല്‍ ചില സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് അവര്‍ പിന്‍മാറിയതെന്നും സംവിധായകന്‍ ആഷിഖ് അബു. തന്റെ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ളതുകൊണ്ടാണ് പാര്‍വതി രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്നത്. ആഷിഖ് അബു ‘റിപ്പോര്‍ട്ടര്‍ ടിവി’യോട് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മൂന്ന് നടിമാര്‍ രാജിവച്ചിരുന്നു. ഇതോടെ സംഭവത്തില്‍ പാര്‍വതി ഉള്‍പ്പെടെയുള്ളവരുടെ മൗനം ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആഷിഖ് അബു വിശദീകരണം നല്‍കിയിരിക്കുന്നത്.

രാജിവച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന മാഫിയ-ഗൂണ്ട സംഘങ്ങള്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കും. സിനിമ എന്നാല്‍ പാര്‍വതിയുടേത് മാത്രമല്ല. സംവിധായകന്റെയും നിര്‍മാതാവിന്റെയും ഇപ്പോഴത്തെ അവസ്ഥ ആലോചിച്ച് നോക്കു. ഫാന്‍സ് അസോസിയേഷനെ ഉപയോഗിച്ച് പടങ്ങള്‍ കൂവിത്തോല്‍പ്പിക്കുന്ന രീതി മലയാള സിനിമയില്‍ ഇപ്പോഴുണ്ട്. മലയാള സിനിമയിലെ പവര്‍ഹൗസുകള്‍ ഈ ഭീഷണി മുന്‍നിര്‍ത്തിയാണ് അഭിപ്രായസ്വാതന്ത്ര്യം തടയുന്നത്.

ക്രിമിനല്‍ സ്വഭാവമുള്ള ഫാന്‍സ് കൂട്ടങ്ങള്‍ സംഘം ചേര്‍ന്ന് പടങ്ങള്‍ കൂവിത്തോല്‍പ്പിക്കും. വരാനിരിക്കുന്ന പടങ്ങള്‍ കൂവിത്തോല്‍പ്പിക്കും എന്ന് ഭയക്കുന്നത് കൊണ്ടാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജിവയ്ക്കാത്തത്. കലാസൃഷ്ടികള്‍ ആക്രമിക്കപ്പെടുകയാണ്. സംവിധായകന്‍ എന്ന നിലയില്‍ താന്‍ ആക്രമിക്കപ്പെടുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായി നിന്ന എല്ലാ കലാകാരന്‍മാരും ഭീഷണിയിലാവുകയാണ്. പാര്‍വതിയും റിമ കല്ലിങ്കലും എല്ലാം ആക്രമണത്തിന് വിധേയരാവുകയാണ്.

ഇതൊരു രാഷ്ട്രീയ-സാമൂഹ്യപ്രശ്‌നമാണ്. ഈ വിഷയത്തില്‍ കേരളം ഈ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കണം. ആഷിഖ് അബു ആവശ്യപ്പെട്ടു.

DONT MISS
Top