ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം; ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് താക്കീതുമായി യുഎസ്

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ താക്കീത്. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി. ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കൂടുതല്‍ ശക്തമാക്കാനാണ് പുതിയ നീക്കം.

കഴിഞ്ഞ മാസമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവ ഇടപാടില്‍ നിന്ന് പിന്‍വാങ്ങിയത്. അതിനുപുറമെ ഇറാനുമേലുണ്ടായിരുന്ന ഉപരോധം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിദേശ കമ്പനികള്‍ ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയ്ക്ക് ശേഷം ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. അതുപോലെ തന്നെ സൗദി അറേബ്യ, ഇറാഖ് രാജ്യങ്ങള്‍ കഴിഞ്ഞാല്‍ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇറാനെയാണ്.

അതേസമയം ഇന്ത്യയുമായി ജൂലൈ ആറിന് നടത്താനിരുന്ന നിര്‍ണായ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ പോകാനിരിക്കെയാണ് ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലം പിന്മാറുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോ അറിയിച്ചത്.

DONT MISS
Top