തെരഞ്ഞെടുപ്പിന്റെ നിശബ്ദ കാലയവില്‍ തങ്ങളിലൂടെയുള്ള പ്രചരണം തടയാം; വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

പ്രതീകാത്മക ചിത്രം

ദില്ലി: തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗിന് മുമ്പായുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ തങ്ങളിലൂടെ നടത്തുന്ന പ്രചാരണം തടയാം എന്ന വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്. ജനപ്രാതിനിധ്യ നിയമത്തിലെ 126 ആം വകുപ്പ് പുനഃപരിശോധിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിച്ച സമിതിക്ക് മുമ്പാകെയാണ് ഫെയ്‌സ്ബുക്ക് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഫെയ്‌സ്ബുക്കിന്റെ നിര്‍ദേശത്തെ കുറിച്ച് പരിശോധിച്ച ശേഷം ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഉള്‍പ്പടെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ദിനത്തിന്റെ ഒരു ദിവസം മുമ്പ് പരസ്യ പ്രചാരണം അവസാനിക്കും. പിന്നീട് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍ ആണ്. സമൂഹ മാധ്യമങ്ങള്‍ സജീവമായതിന് ശേഷം ഇന്ത്യയില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നിശബ്ദ പ്രചാരണത്തിന്റെ ഈ മണിക്കൂറുകളില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, വാട്‌സ് ആപ്പ് എന്നിവ ഉപയോഗിച്ചുള്ള പ്രചാരണം ശക്തമാണ്. വോട്ടിംഗ് പുരോഗമിക്കുന്ന സമയത്ത് പോലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സമൂഹ മാധ്യമങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് തടയണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനപ്രാതിനിധ്യ നിയമത്തിലെ 126 ആം വകുപ്പില്‍ വരുത്തേണ്ട ഭേദഗതികളെ കുറിച്ചും, നിശബ്ദ പ്രചാരണ കാലയളവില്‍ സമൂഹ മാധ്യമങ്ങളും നവ മാധ്യമങ്ങളും ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങളുടെ സ്വാധീനത്തെ കുറിച്ചും പഠിക്കാന്‍ 14 അംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയത്. ഈ സമിതിക്ക് മുമ്പാകെ കഴിഞ്ഞ ദിവസം ഹാജര്‍ ആയ ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ ആണ് തെരെഞ്ഞെടുപ്പുകളിലെ വോട്ടിങ്ങിന് മുമ്പായുള്ള നിശ്ശബ്ദ പ്രചാരണം കാലയളവില്‍ തങ്ങളിലൂടെ നടത്തുന്ന പ്രചാരണം തടയാം എന്ന വാഗ്ദാനം മുന്നോട്ട് വച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആക്ഷേപാര്‍ഹം എന്ന് ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാം എന്നാണ് ഫെയ്‌സ്ബുക്കിന്റെ നിര്‍ദേശം. നിര്‍ദേശത്തെ കുറിച്ച് പരിശോധിച്ച ശേഷം ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന് പുറമെ ട്വിറ്റര്‍, യൂട്യൂബ്, വാട്‌സ് ആപ്പ് എന്നിവയമായും കമ്മീഷന്‍ ആശയ വിനിമയം നടത്തി വരികയാണ്. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം പൂര്‍ണ്ണമായ തോതില്‍ എങ്ങനെ തടയാന്‍ കഴിയും എന്ന സംശയവും നിലനില്‍ക്കുകയാണ്.

DONT MISS
Top