ജര്‍മ്മനിയെ കൊറിയ അട്ടിമറിച്ചു; ലോക ചാമ്പ്യന്മാര്‍ക്ക് നാണംകെട്ട മടക്കം; മെക്‌സിക്കോയ്ക്ക് സ്വീഡനോട് കനത്ത തോല്‍വി

അട്ടിമറികളും പ്രവചനങ്ങളും കാറ്റില്‍ പറത്തി ലോകകപ്പില്‍ അപ്രതീക്ഷിത മുന്നേറ്റങ്ങളുമായി കൊറിയയും സ്വീഡനും. ലോക ചാമ്പ്യന്മാരായ ജര്‍മനിയെ കൊറിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വെറും ആള്‍ക്കൂട്ടം മാത്രമായ ജര്‍മനിയെ ഒത്തൊരുമയും ക്ഷമയുമുള്ള മികച്ച കളി പുറത്തെടുത്താണ് കൊറിയ നാണം കെടുത്തിയത്.

ജര്‍മനി നിരന്തരം കൊറിയന്‍ ബോക്‌സില്‍ പന്തെത്തിക്കുന്നുണ്ടായിരുന്നെങ്കിലും അവയൊന്നും ഗോളാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കൊറിയന്‍ പ്രതിരോധം വന്‍മതില്‍ പോലെ ഉറച്ചുനിന്നപ്പോള്‍ കൊച്ചുകുട്ടികളെ കബളിപ്പിക്കുന്ന രീതിയില്‍ ജര്‍മന്‍ മുന്നേറ്റത്തെ അവര്‍ കൈകാര്യം ചെയ്തു. ഇനി എന്തുചെയ്താലും കൊറിയന്‍ വല കുലുക്കാന്‍ ജര്‍മനിക്ക് സാധിക്കില്ല എന്ന തോന്നല്‍ ജര്‍മന്‍ ആരാധകരില്‍ പോലുമുണ്ടായി. കൃത്യമായി കൗണ്ടറുകളിലൂടെ കൃത്യമായ ഇടവേളകളില്‍ ജര്‍മനിയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കാനും അവര്‍ക്കായി.

കൊറിയയുടെ ഇരുഗോളുകളും 90 മിനുട്ടുകള്‍ക്ക് ശേഷം പിറന്നതാണ്. അത്രയും സമയം ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന ജര്‍മന്‍ കളിക്കാരുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും സമനില നഷ്ടമാവുകയും ചെയ്തു. ഇത് മുതലെടുത്താണ് കൊറിയ മൂന്ന് മിനുട്ടിന്റെ വ്യത്യാസത്തില്‍ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റിയത്. കിം യങ് ഗ്വോനും സോന്‍ ഹ്യൂങ്മിന്നുമാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്.

ജര്‍മന്‍ കീപ്പര്‍ നൂയര്‍ കയറിക്കളിച്ച് കൊറിയന്‍ ഹാഫില്‍ എത്തിയപ്പോള്‍ പന്ത് കൊറിയന്‍ കളിക്കാര്‍ റാഞ്ചിയെടുക്കുകയായിരുന്നു. രണ്ടാം ഗോളിന്റെ പിറവി ഇങ്ങനെയാണ് സംഭവിച്ചത്. ലോക ചാമ്പ്യന്മാരെ കൊറിയ നാണം കെടുത്തി എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. വെറും 30 ശതമാനം മാത്രമായിരുന്നു കൊറിയയുടെ ഗോള്‍ പൊസഷന്‍ എന്നും ശ്രദ്ധേയം.

മറുകളിയില്‍ വെറും 35 ശതമാനം സമയം മാത്രം ഗോള്‍ കൈവശം വച്ചുകളിച്ച സ്വീഡന്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഞെട്ടിച്ചു. 50-ാം മിനിറ്റില്‍ ലുഡ്വിഗ് ഓഗസ്റ്റിന്‍സണിലൂടെയാണ് സ്വീഡന്റെ ആദ്യ ഗോള്‍. ബോക്‌സിനുള്ളില്‍ വിക്ടര്‍ ക്ലാസന്‍ നല്‍കിയ പാസിലായിരുന്നു ഒച്ചോവയെ മറികടന്ന് ഓഗസ്റ്റിന്‍സണ്‍ സ്വീഡനായി ലീഡ് പിടിച്ചത്. പിന്നാലെ 62-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രാന്‍ക്വസ്റ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മെക്‌സിക്കന്‍ കളിക്കാരനായ എഡ്‌സണ്‍ ആല്‍വാരസിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റില്‍ കയറി ലഭിച്ച സെല്‍ഫ് ഗോളും സ്വീഡന് നേട്ടമായി.

തോറ്റെങ്കിലും മെക്‌സിക്കോ രണ്ടാമതായി പ്രീക്വാര്‍ട്ടറില്‍ കയറി. മികച്ച കളിയുടെ കെട്ടഴിച്ച സ്വീഡനാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. ഇരുടീമുകള്‍ക്കും ആറ് പോയന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ സ്വീഡനാണ് മുന്നില്‍. കൊറിയയ്ക്കും ജര്‍മനിക്കും മൂന്ന് പോയന്റുകളുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ജര്‍മനി നാലാമതും കൊറിയ മൂന്നാമതുമായി. ജര്‍മനി കൊറിയയോട് തോറ്റ് പുറത്തായി എന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നിലും അപ്പുറമാണ്.

DONT MISS
Top